നിരന്തരം വിവാദങ്ങളിലും കേസുകളിലും ചെന്ന് പെടുന്ന ആളാണ് തൊപ്പി എന്നറിയപ്പെടുന്ന വ്ലോഗർ നിഹാൽ. ഏറ്റവും ഒടുവിൽ ഇതാ തന്റെ കാറിന് സൈഡ് തരാൻ വിസമ്മതിച്ച ബസ് ജീവനക്കാരെ തൊപ്പി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതുമായുള്ള സംഭവമാണ് പുറത്തുവരുന്നത്. കോഴിക്കോടാണ് സംഭവം.
നിഹാലിന്റെ കാർ ബസുമായി ഉരസിയിരുന്നു. നിഹാലിനൊപ്പം രണ്ട് സുഹൃത്തുക്കൾ കൂടി കാറിലുണ്ടായിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് തൊപ്പി ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടിയത്. പിന്നാലെ ബസ് ജീവനക്കാർ മൂവരെയും തടഞ്ഞുവച്ച് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റളാണ് തൊപ്പി ജീവനക്കാർക്ക് നേരെ ചൂണ്ടിയതെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ബസ് ജീവനക്കാർ പൊലീസ് സ്റ്റേഷനിലെത്തി കേസില്ലെന്ന് അറിയിച്ചു.അഞ്ച് മണിക്കൂറോളം കസ്റ്റഡിയിൽ വച്ചശേഷം മൂന്ന് പേരെയും പോലീസ് മോചിപ്പിച്ചത്.