15-ാമത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന നിർണ്ണായക വോട്ടിംഗ് ജൂലൈ 18 രാവിലെ 10 മണി മുതൽ ആരംഭിച്ചു. രാവിലെ 10 മുതൽ 5 വരെ വോട്ടിങ് നടക്കും. പാർലമെന്റിലെ 63–ാം നമ്പർ മുറിയിലും അതതു നിയമസഭകളിൽ പ്രത്യേകം സജ്ജമാക്കിയ ബൂത്തിലുമാണു വോട്ടെടുപ്പ് നടക്കുക. എം പിമാരും എംഎൽഎമാരും ഉൾപ്പെടെ 4800 – ഓളം പേരാണ് വോട്ട് രേഖപ്പെടുത്തുക. വോട്ടർമാർക്ക് ബാലറ്റ് പേപ്പറുകൾ അടയാളപ്പെടുത്താൻ വയലറ്റ് മഷി പുരട്ടിയ പ്രത്യേക പേന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്. രഹസ്യ ബാലറ്റ് സമ്പ്രദായമാണ് പിന്തുടരുന്നത്. മുർമുവിനെ സംബന്ധിച്ച് അനായാസ വിജയത്തിന് സാധ്യതയേറെയാണ്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, ഗോത്ര വിഭാഗത്തിൽ നിന്നും ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ആദ്യത്തെ വനിതയാവുമവർ. ജൂലൈ 21നാണ് വോട്ടെണ്ണൽ.