
മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുത്തവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേ ഒരു നേതാവാണ് വി.എസ് അച്യുതാനന്ദൻ. അദ്ദേഹത്തിന് നാളെ 99 വയസ്സ് പൂർത്തിയാവുകയാണ്. രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തില്‍ പലതവണ നായക പ്രതിനായക വേഷത്തില്‍ അവതരിച്ച വി.എസിന്റെ ജീവിതം ഒരു ശതാബ്ദത്തിലേക്ക് ചുവടുവെക്കുകയാണ്.
2019 ഒക്ടോബറില്‍ പുന്നപ്ര-വയലാര്‍ വാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുത്ത് തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയ വി.എസിനെ പിറ്റേന്ന് തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് പൂര്‍ണ വിശ്രമത്തിലേക്ക് മാറുകയുമായിരുന്നു. 1964ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങി വന്ന് മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് നേതൃത്വം വഹിച്ച 32 പേരില്‍ ഒരാളായിരുന്നു വി.എസും. അഴിമിതിക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുമെതിരെ എന്നും ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നുനിന്ന് ശബ്ദമുയര്‍ത്തിയിരുന്ന വി.എസിന്റെ അഭാവം ഇന്ന് കേരള രാഷ്ട്രീയത്തില്‍ പ്രകടമാണ്.
1923 ഒക്ടോബര്‍ 20ന് പുന്നപ്ര വെന്തലത്തറ കുടുംബത്തില്‍ ശങ്കരന്റെയും അക്കമ്മയുടേയും മകനായാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസിന്റെ ജനനം. കഷ്ടതകള്‍ നിറഞ്ഞ കുട്ടികാലവും,അച്ഛന്റെയും അമ്മയുടേയും വേര്‍പാടും ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു. തയ്യല്‍ തൊഴിലാളിയായും കയര്‍ ഫാക്ടറിയിലെ തൊഴിലാളിയായും മുന്നോട്ട് പോകവേ 17ാം വയസില്‍ പി.കൃഷ്ണപ്പിള്ള തെളിച്ച വഴിയിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍. പിന്നീട് പടിപടിയായി വളര്‍ന്ന് സി.പി.എമ്മിന്റെ ഉന്നത നേതൃത്വത്തിലേക്ക്.
1946ലെ ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളാണ് വി എസ് അച്യുതാനന്ദന്‍. 1957ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തുമ്പോഴേക്കും പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് വളര്‍ന്ന അച്യുതാനന്ദന്‍ അന്നത്തെ ഒന്‍പതംഗ സംസ്ഥാനസമിതിയില്‍ അംഗവുമായി.
വി.എസിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തുടക്കം തോല്‍വിയോടെയായിരുന്നു. 1965 ല്‍ സ്വന്തം മണ്ഡലമായ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസിലെ കെ.എസ് കൃഷ്ണക്കുറുപ്പിനോടായിരുന്നു ആദ്യത്തെ മത്സരവും പരാജയവും. പിന്നീട് 1967 ല്‍ കോണ്‍ഗ്രസിന്റെ എ.അച്യുതനെ പരാജയപ്പെടുത്തി നിയമസഭയില്‍.മൂന്ന് തവണ കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് 2006ല്‍. പോളിറ്റ്ബ്യൂറോ അംഗം, കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ്, കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, എല്‍.ഡി.എഫ് കണ്‍വീനര്‍, സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ അങ്ങനെ പദവികളുടെ നീണ്ടനിര തന്നെ അലംങ്കരിച്ച വി.എസിന്റെ വീര്യം കെടാത്ത വിപ്ലവ ജീവിതം നാളെ 99 വയസ്സും പിന്നിടുകയാണ്. പൊതുരംഗത്ത് പഴയതുപോലെ സജീവമല്ലെങ്കിലും വി.എസ് എന്ന രണ്ടക്ഷരം ജനമനസ്സുകളില്‍ ഇന്നും സുവര്‍ണശോഭയോടെ മിന്നിത്തിളങ്ങുകയാണ്. നാളെ 99 വയസ്സ് പൂർത്തിയാക്കുന്നത് ആഘോഷങ്ങളില്ലാതെയാണ്. സന്ദർശകരെ ഒഴിവാക്കി കുടുംബാംഗങ്ങൾ മാത്രം ഒത്തുചേർന്ന് കേക്ക് മുറിക്കുക മാത്രമാണ് പിറന്നാൾ ആഘോഷം.