ഒരു വൃക്ഷത്തെ സംരക്ഷിക്കാൻ 24 മണിക്കൂറും കാവൽക്കാർ, പരിപാലനത്തിനായി ഒരു വർഷം ചെലവിടുന്നത് 15 ലക്ഷം രൂപ. മധ്യപ്രദേശിലെ റെയ്‌സനിലെ സലാമത്പൂരിൽ ഉള്ള ഒരു ബോധി വൃക്ഷമാണ് താരം. 2012 സെപ്റ്റംബർ 21 ന് അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജപക്സെ ആണ് ഈ വൃക്ഷം നട്ടത്. ബുദ്ധമതത്തിൽ ഇതിന് പ്രത്യേക പ്രാധാന്യമുള്ളതിനാൽ ഇത് സംരക്ഷിക്കപ്പെടുന്നു.
സാഞ്ചി മുനിസിപ്പൽ കൗൺസിൽ, പോലീസ്, റവന്യൂ, ഹോർട്ടികൾച്ചർ വകുപ്പുകൾ എന്നിവരുടെയെല്ലാം നിരന്തരമായ നിരീക്ഷണത്തിലാണ് ഈ ബോധി വൃക്ഷം. മരത്തിന് ചുറ്റും 15 അടി ഉയരത്തിൽ കമ്പി വേലി സ്ഥാപിച്ചിട്ടുണ്ട്. രണ്ട് കാവൽക്കാർ 24 മണിക്കൂറും കാവൽ ഉണ്ടാവും. 15 ദിവസത്തിലൊരിക്കൽ വൈദ്യപരിശോധന നടത്തിയതിനു ശേഷം വളവും വെള്ളവും ക്രമീകരിക്കുന്നു.
റെയ്‌സൻ ജില്ലയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് സാഞ്ചി. വര്ഷങ്ങള്ക്കു മുൻപ് സ്ഥാപിക്കപ്പെട്ടിരുന്ന ബുദ്ധ സർവ്വകലാശാലയുടെ കുന്നിലാണ് ഈ ബോധി വൃക്ഷം നട്ടുപിടിപ്പിച്ചത്. ഭോപ്പാലിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് സാഞ്ചി.