കേരള സാമൂഹ്യസുരക്ഷാ മിഷൻ നടപ്പിലാക്കുന്ന വയോമിത്രം പദ്ധതി കമ്പ്യൂട്ടർവത്കരിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ജൂൺ 3ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പൂജപ്പുര കേരള സാമൂഹ്യസുരക്ഷാ മിഷൻ കാര്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥി ആയിരിക്കും.
വയോമിത്രം പദ്ധതി പ്രവർത്തനം പ്രത്യേക സോഫ്‌റ്റ്വെയർ വഴി കമ്പ്യൂട്ടർവൽക്കരിക്കുന്നതിലൂടെ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനാണ് സാമൂഹ്യനീതി വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പദ്ധതിയുടെ വിപുലീകരണത്തിനും നവീകരണത്തിനും കൂടുതൽ ഇടപെടലുകൾ നടത്തിവരികയാണ് സർക്കാരെന്നും മന്ത്രി അറിയിച്ചു.