
തളിപ്പറമ്പ്∙ അധ്വാനത്തിന്റെ പ്രതിഫലം അല്ല കൂലി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അധ്വാനിക്കുന്നതിനു വേണ്ടിയുള്ള ഊർജ്ജം സംഭരിക്കുന്നതിനായി സാമൂഹിക ജീവിതത്തിന്റെ ഭാഗമായി വ്യത്യസ്ത സാധന സാമഗ്രികൾ വേണം, വസ്ത്രങ്ങളും ഭക്ഷണവും എല്ലാം അതിന്റെ ഭാഗമാണ്. ഈ സാധനസാമഗ്രികളുടെ മാർക്കറ്റിലുള്ള യഥാർഥ വിലയാണ് കൂലി എന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി. അല്ലാതെ അധ്വാനിക്കുന്നതിന്റെ പ്രതിഫലമല്ല.
അധ്വാനിക്കുന്നതിന്റെ പ്രതിഫലമാണ് കൂലി എങ്കിൽ പിന്നെ മുതലാളി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിന് സമീപം കാഞ്ഞിരങ്ങാട് സിപിഎം നിയന്ത്രണത്തിലുള്ള തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളജ് ലൈബ്രറി ലാബ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ. അധ്വാനിക്കാൻ ഉപയോഗിക്കുന്ന ശേഷി അത് തിരിച്ചു പിടിക്കാനുള്ള സാധനസാമഗ്രികളുടെ വിലയാണ് കൂലി. ആ കൂലി ഉപയോഗിച്ച് ഇത്തരത്തിൽ ഇവർ ഉൽപാദിപ്പിക്കുന്ന മൂല്യം ഇതിനേക്കാൾ എത്രയോ വലുതായി ചരക്കിൽ കലർന്നതു കൊണ്ട് ആ ചരക്ക് യഥാർഥ മാർക്കറ്റിൽ വിൽക്കുമ്പോൾ കൂടുതൽ വരുമാനം ലഭിക്കുന്നു. ഇതാണ് മുതലാളിമാർ ലോകത്തെവിടെയും ദിവസം കഴിയുമ്പോൾ വളർന്നുകൊണ്ടിരിക്കുന്നത്. ഉൽപാദന ഉപാധികളുടെ മേഖലയിൽ സ്വകാര്യ ഉടമസ്ഥത നിലനിൽക്കുന്നിടത്തോളം കാലം സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരും ആകുന്ന പ്രക്രിയ തുറന്നുകൊണ്ടേയിരിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.