കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗവും പൃഥ്വിരാജ്- മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിക്കുന്നതുമൊക്കെയാണ് അതിന് കാരണം. ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട താരങ്ങളടക്കം നിരവധിപ്പേർ അണിനിരക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റുമോ എന്ന ആശങ്ക ഇന്നലെ ഉടലെടുത്തിരുന്നു. ആശിർവാദ് സിനിമാസിന്റെ സഹനിർമ്മാതാവായ ലൈക്ക പ്രൊഡക്ഷൻസ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ചിത്രത്തിന്റെ നിർമ്മാണത്തിൽ നിന്നും പിൻവാങ്ങി എന്ന വാർത്ത പുറത്തായതോടെയാണ് റിലീസിന്റെ കാര്യത്തിൽ ആരാധകർക്ക് അങ്കലാപ്പായത്. എന്നാൽ റിലീസ് ഡേറ്റ് കാര്യത്തിൽ യാതൊരുവിധ മാറ്റവും ഉണ്ടാകില്ലെന്ന് അണിയറ പ്രവർത്തകർ തന്നെ വ്യക്തമാക്കിയതോടെ സിനിമയുടെ ഹൈപ്പും പതിമടങ്ങ് വർദ്ധിച്ചിരിക്കുകയാണ്.
ബോക്‌സ് ഓഫീസ് കളക്ഷനിൽ റെക്കോർഡുകൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയുമായി എത്തുന്ന ചിത്രത്തിനെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് നടൻ ഷെയിൻ നിഗം. ലൂസിഫർ കണ്ടത് മുതൽ താൻ എമ്പുരാനായി കാത്തിരിക്കുകയായിരുന്നെന്നും ചിത്രം ആദ്യ ദിവസം തന്നെ കാണുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഷെയിൻ പറഞ്ഞു.
‘എമ്പുരാന് വേണ്ടി എല്ലാവരെയും പോലെ ഞാനും വെയ്റ്റിംഗ് ആണ്. അതിന്റെ ടീസർ കണ്ടത് മുതൽ തന്നെ പടം കാണണമെന്ന് ഉണ്ടായിരുന്നു. ലൂസിഫർ കണ്ടപ്പോൾ മുതൽ രണ്ടാം ഭാഗത്തിന് വെയ്റ്റിംഗ് ആയിരുന്നു, ടീസർ പ്രതീക്ഷകളെ ഇരട്ടിച്ചു. ഉറപ്പായിട്ടും ആദ്യ ദിവസം കണ്ടിരിക്കും’, ഷെയിൻ നിഗം പറഞ്ഞു.