Spread the love

ദുരന്തം പറിച്ചെടുത്തു കൊണ്ടുപോയ ജീവനുകളെക്കാൾ എത്രയോ വലിയ വേദനയിലാണ് ദുരന്ത ഭൂമിയിൽ ശേഷിക്കുന്നവർ. അഞ്ചു ദിവസങ്ങൾക്കു മുൻപ് വരെ കൂടെ കഴിഞ്ഞവർ ഇപ്പോൾ എവിടെയുണ്ടെന്നോ, എങ്ങനെയവരെ ഇനി കണ്ടുപിടിക്കണമെന്നോ അറിയാതെ പകച്ചു നിൽക്കുന്ന ഒരു ജനതയെക്കാൾ കാഠിന്യമേറിയ ദുഃഖം പേറുന്നവർ മറ്റാരും തന്നെ ഇല്ലെന്ന് പറയാം.

പലരും വേദനകളുടെ ഉയർച്ച താഴ്ചകൾക്കപ്പുറം മരവിച്ച അവസ്ഥയിലാണ്. സ്വന്തമായി ഉണ്ടായിരുന്ന സർവവും മണ്ണിനടിയിൽ പുതഞ്ഞു പോയെന്നും പ്രിയപ്പെട്ടവരുടെ മൃതശരീരം എങ്കിലും കിട്ടണമെന്നും മാത്രമുള്ള ഏറ്റവും കുറഞ്ഞ ആശ വയ്ക്കുന്നവരായി അവർ മാറിക്കഴിഞ്ഞു. ക്യാമ്പിൽ തങ്ങളെ സന്ദർശിക്കാൻ വരുന്നവരോടും രക്ഷാപ്രവർത്തകരോടും കാണാതായ ഉറ്റവരെയും ഉടയവരെയും കുറിച്ച് തിരക്കുന്നവർക്കും കാര്യങ്ങൾ ചോദിച്ചറിയുന്നവർക്കും പുറമേ നഷ്ടപ്പെടലുകളിൽ ഹൃദയം മുറിഞ്ഞ മറ്റു ചില ജീവനുകളും ദുരന്ത ഭൂമിയിൽ ഉണ്ട്. ഒരു രാത്രി വെളുത്തപ്പോൾ തങ്ങൾക്ക് അന്നം തന്നിരുന്നവരെയും സ്വന്തമായി കരുതിയിരുന്നവരെയും നഷ്ടപ്പെട്ട മിണ്ടാപ്രാണികൾ.

മനുഷ്യരെ നഷ്ടപ്പെട്ട മനുഷ്യർ അനുഭവിക്കുന്ന വേദനകളുടെ അത്രയും വരില്ലല്ലോ!! ഇങ്ങനെ ചോദിക്കാൻ ദുരന്തഭൂമിയിലെത്തിയ ഒരു മനുഷ്യനും ഒരു പക്ഷെ സാധിക്കില്ല. അത്രയ്ക്കുണ്ട് ചില മിണ്ടാപ്രാണികൾക്ക് ചോറ് തന്ന മനുഷ്യരോടുള്ള കൂറ്.

ഉരുൾ പൊട്ടിയൊലിച്ചപ്പോൾ ബാക്കിയായ മിണ്ടാപ്രാണികളിൽ പലരും വെള്ളത്തിൽ മുങ്ങിയും താണും നീന്തി കരയ്ക്ക് അടുക്കുകയായിരുന്നു. എല്ലാം നഷ്ടപ്പെട്ടന്ന് നേരം വെളുക്കുമ്പോൾ മാത്രം മനസ്സിലാക്കിയവരായിരുന്നു മനുഷ്യരല്ലാത്ത ഇവർ. ദുരന്ത ഭൂപടം നോക്കി ഇതുവരെ എവിടെ ജീവിച്ചു എന്നോ, തന്റെ യജമാനന് എന്ത് സംഭവിച്ചു എന്നോ മനസിലാക്കാൻ കഴിയാതെ ആരോക്കെയൊ ഉറപ്പായും തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ദുരന്ത ഭൂമിയിൽ കാത്തിരിക്കുകയാണവർ.

നായകളിൽ പലതും ഭക്ഷണം പോലും കഴിക്കുന്നില്ല. കനത്ത മഴ പെയ്തൊലിക്കുമ്പോഴും ദുരന്ത ഭൂമിയിലെ കല്ലുകൾക്കിടയിലും മരക്കൊമ്പുകൾക്കിടയിലും തലയിട്ടും മണം പിടിച്ചും പ്രിയപ്പെട്ടവരെ തിരയുകയാണ് പലരും. അഞ്ചുദിവസം തുടർച്ചയായി ഉറക്കവും ഭക്ഷണവും ഹോമിച്ചുള്ള ഈ കാത്തിരിപ്പുകാരണം അറിയാതെ തളർന്നു വീഴുമ്പോഴും പ്രതീക്ഷയോടെ കണ്ണുവിടർത്തി നോക്കുന്ന നായകളുടെ ദൃശ്യങ്ങൾ ദുരന്തഭൂമിയിലെ ഹൃദയം മുറിക്കുന്ന കാഴ്ചയായി സാമൂഹ്യ മാധ്യമങ്ങളിലൂടെ നാം കണ്ടതാണ്. മണ്ണിൽ നിന്നും പുറത്തെത്തിക്കുന്ന ഓരോ മൃതദേഹവും തന്റെ ആരുടേതെങ്കിലും ആണോ എന്ന് അറിയാനുള്ള വേദന നിറഞ്ഞ കാത്തിരിപ്പിലാണ് ഉറങ്ങാതെ തളരാതെ അവർ.

Leave a Reply