കന്നി കിരീടമെന്ന മഞ്ഞപ്പട ആരാധകരുടെ ഏറെ നാളത്തെ ആഗ്രഹം പൂർത്തിയാക്കാൻ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് കേരളത്തിന്റെ മുക്കിലും മൂലയിലും നിന്നുവരെ ആശംസ പ്രവാഹമാണ്.
“കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ…പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു,” മമ്മൂട്ടി കുറിച്ചു.
ഇന്ന് ലോക സന്തോഷ ദിനം. സന്തോഷകരമായൊരു നിമിഷത്തിന് സാക്ഷിയാകാൻ എല്ലാ മലയാളികളേയും പോലെ ഞാനും കാത്തിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന് ജയ് വിളിക്കാൻ ഞാനുമുണ്ട് ഗോവയിൽ. നമ്മുക്കൊരു സന്തോഷ ദിനം സമ്മാനിക്കാൻ ബ്ലാസ്റ്റേഴ്സിനാകട്ടെയെന്ന് ആശംസിക്കുന്നു, കായികമന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.
“ഇത്തവണ കപ്പ് കേരള ബ്ലാസ്റ്റേഴ്‌സ് നേടുമെന്നാണ് എന്റെ വിശ്വാസം, ജേഴ്സിയുടെ നിറം മാറിയാലും ബ്ലാസ്റ്റേഴ്സിന്റെ കളർ മഞ്ഞ തന്നെ. ഇവന്റെ ചുണകുട്ടികൾക്ക് എന്റെ വിജയാശംസകൾ” ശിവൻകുട്ടി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഹൈദെരാബാദാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ജംഷധ്പൂര്‍ എഫ് സിയെ ഇരു പാദങ്ങളിലുമായി 2-1 ന് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തിയത്. ഇന്ന് വൈകുന്നേരം ഗോവയിലാണ് കലാശപ്പോരാട്ടം.