Spread the love

ന്യൂഡൽഹി: അസന്തുഷ്ടിയും സംഘർഷഭരിതവുമായ വിവാഹബന്ധം തുടരാൻ നിർബന്ധിക്കുന്നത് വിവാഹത്തിന്റെ ലക്ഷ്യത്തെ തകർക്കുന്നതിന് തുല്യമാണെന്ന് സുപ്രീംകോടതി. 2002ൽ വിവാഹിതരായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ദമ്പതികളുടെ ബന്ധം വേർപ്പെടുത്തിയ ഉത്തരവ് ശരിവെച്ചാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

പരസ്പര വിശ്വാസം, സൗഹൃദം, അനുവഭങ്ങൾ പങ്കുവെക്കൽ എന്നിവയിൽ അധിഷ്ഠതമായ ബന്ധമാണ് വിവാഹം. മേൽപ്പറഞ്ഞ ഘടകങ്ങൾ ദീർഘമായ കാലത്തേക്ക് ഇല്ലാതാകുമ്പോൾ വിവാഹബന്ധമെന്നത് നിയമപരമായ ഔപചാരികത മാത്രമായി മാറുന്നു. അനുരഞ്ജനത്തിന് തയ്യാറല്ലാതെ ദീർഘകാലം വേർപിരിഞ്ഞുള്ള ജീവിതം ‘വൈവാഹിക തർക്കം’ തീർപ്പാക്കുന്നതിനുള്ള പ്രസക്തമായ ഘടകമായാണ് വിലയരുത്തുന്നതെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി വരാലെ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം.

ഭർത്താവിന് വിവാഹമോചനം അനുവദിച്ച മദ്രാസ് ഹൈക്കോടതിയുടെ വിധി ശരിവെച്ച സുപ്രീംകോടതി,  ഭാര്യയുടെയും വാദങ്ങൾക്ക് മെറിറ്റില്ലെന്ന് കണ്ടെത്തിയതിനാൽ തള്ളുകയും ചെയ്തു. യുവതിക്ക് 50 ലക്ഷം രൂപ ജീവനാംശം നൽകാനും കോടതി ഉത്തവിട്ടിട്ടുണ്ട്. ദമ്പതികൾക്ക് 2003ൽ ജനിച്ച മകൾക്ക് 50 ലക്ഷം രൂപ നൽകാനും ഭർത്താവിനോട് കോടതി പറഞ്ഞു.

വിവാഹമോചനക്കേസ് ആദ്യം പരി​ഗണിച്ച വിചാരണക്കോടതി ഭർത്താവിന്റെ ആവശ്യം തള്ളുകയും വിവാഹമോചനം നൽകുന്നത് തടയുകയും ചെയ്തിരുന്നു. എന്നാൽ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് അനുകൂലമായ ഉത്തരവ് ഭർത്താവിന് ലഭിച്ചു. ഇത് ചോ​ദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു ഭാര്യ.

Leave a Reply