Spread the love

കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള വസ്‌തുക്കൾ തീരത്ത് അടിഞ്ഞത് കണ്ടാൽ തൊടരുതെന്ന് വീണ്ടും മുന്നറിയിപ്പ്. അടുത്ത് പോകരുതെന്നും ഉടൻതന്നെ 112 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

കപ്പലിൽ നിന്ന് ഉൾക്കടലിലേക്ക് ആറ് മുതൽ എട്ട് കണ്ടെയ്‌നറുകൾ വരെ വീണതായാണ് വിവരം. കണ്ടെയ്‌നർ കണ്ടാൽ കുറഞ്ഞത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കണം. കൂട്ടം കൂടി നിൽക്കരുത്. അധികൃതർ വസ്‌തുക്കൾ മാറ്റുമ്പോൾ തടസം സൃഷ്‌ടിക്കരുത്. ദൂരെ മാറി നിൽക്കാൻ ശ്രദ്ധിക്കണം. പൊതുജനങ്ങളും മാദ്ധ്യമ പ്രവർത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖർ കുര്യാക്കോസ് പറഞ്ഞു

മലിനീകരണ നിയന്ത്രണ ബോർഡും പൊലീസും കോസ്റ്റ് ​ഗാർഡും ആവശ്യമായ നടപടി സ്വീകരിക്കും. ഇത് എന്ത് തരത്തിലാണ് മനുഷ്യന് അപകടകരമാവുമെന്ന് ഇപ്പോൾ അറിയില്ല. തീരം നിരീക്ഷിക്കണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. എല്ലായിടത്തും സംവിധാനങ്ങൾ എത്താൻ സാദ്ധ്യതയില്ലാത്തതിനാലാണ് പൊതുസമൂഹത്തോടും പറയുന്നതെന്ന് ശേഖര്‍ കുര്യാക്കോസ് വ്യക്തമാക്കി.

മോശം കാലാവസ്ഥയിലും ചുഴിയിലുമകപ്പെട്ടാണ് ചരക്കുകപ്പലായ എംഎസ്സി എൽസ 3 അറബിക്കടലിൽ ചരിഞ്ഞത്. 24 ജീവനക്കാരിൽ 21 പേരെ കോസ്റ്റ് ഗാർഡും നേവിയും സംയുക്ത ഓപ്പറേഷനിലൂടെ ഇന്നലെ രാത്രി എട്ടോടെ രക്ഷപ്പെടുത്തി. കപ്പലിൽ തുടർന്ന ക്യാപ്റ്റനെയും ചീഫ്, സെക്കന്റ് എൻജിനിയർമാരെയും ഇന്ന് രാവിലെ രക്ഷപ്പെടുത്തി. റഷ്യൻ പൗരനാണ് ക്യാപ്റ്റൻ. 20 ഫിലിപ്പീൻസുകാരും രണ്ട് യുക്രെയ്ൻ പൗരന്മാരും ഒരു ജോർജിയക്കാരനുമാണ് മറ്റുള്ളവർ. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ (70.കി.മി ) അകലെ തെക്കുപടിഞ്ഞാറായി ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം

കപ്പലിൽ നിന്ന് പുറത്തേക്കെത്തിയ കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ തീരത്ത് എത്താൻ സാദ്ധ്യത കൂടുതലാണെന്ന് ദുരന്തനിവാരണ അതോറിറ്റി പറയുന്നു. തിരുവനന്തപുരം തീരത്ത് എത്താനും വിദൂര സാദ്ധ്യതയുണ്ട്. ആലപ്പുഴ, അമ്പലപ്പുഴ, ആറാട്ടുപുഴ, കരുനാഗപ്പള്ളി എന്നീ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമുണ്ട്. ഇന്ന് ഉച്ചയോടെ കണ്ടെയ്നറുകൾ തീരത്തേക്ക് അടിഞ്ഞേക്കും

Leave a Reply