കായലോട് പറമ്പായിയില്‍ ആള്‍ക്കൂട്ടവിചാരണയേത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പോലീസിനു മുന്നില്‍ ഹാജരായി. പിണറായി പോലീസ് സ്‌റ്റേഷനിലാണ് യുവാവ് ഹാജരായത്. ശനിയാഴ്ച പുലര്‍ച്ചെയാണ് മയ്യില്‍ സ്വദേശി റഹീസ് പിണറായി പോലീസ് സ്‌റ്റേഷനിലെത്തിയത്. ഇയാളുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും.
കായലോട് പറമ്പായിയിലെ റസീനയാണ് ആത്മഹത്യ ചെയ്തത്. ഇതിന് ഇടയാക്കിയത് ആള്‍ക്കൂട്ടവിചാരണതന്നെയെന്ന് പോലീസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ആണ്‍സുഹൃത്ത് പോലീസിനു മുന്നില്‍ ഹാജരായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളില്‍ നിന്നടക്കം വ്യത്യസ്ത ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ സുഹൃത്തിന്റെ മൊഴി നിര്‍ണായകമാകുമെന്ന വിലയിരുത്തലിലാണ് പോലീസ്
റസീന ആണ്‍സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കെ മൂന്നു ബൈക്കുകളില്‍ എത്തിയ പ്രതികള്‍ ഭീഷണിപ്പെടുത്തുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തതായി റസീനയുടെ ശരീരത്തിൽനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ വിശദമായിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ പി. നിധിന്‍രാജ് മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ആണ്‍സുഹൃത്താണെന്നും അറസ്റ്റിലായത് ബന്ധുക്കളുള്‍പ്പെടെയുള്ള നിരപരാധികളാണെന്നുമുള്ള യുവതിയുടെ മാതാവിന്റെ വാദം തള്ളുന്നതാണ് ഈ വെളിപ്പെടുത്തല്‍.
ജീവിക്കാന്‍ അനുവദിക്കില്ലെന്ന തോന്നലിലാണ് ആത്മഹത്യ ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. പ്രതികളില്‍ ഒരാള്‍ യുവതിയുടെ ബന്ധുവാണ്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് അന്വേഷിക്കുന്നു. ആണ്‍സുഹൃത്തിന്റെ ഫോണ്‍ പിടികൂടിയത് പ്രതികളുടെ പക്കല്‍നിന്നാണ്. ആള്‍ക്കൂട്ട വിചാരണവേളയില്‍ സ്ഥലത്തെത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
കൂടുതല്‍പ്പേര്‍ സ്ഥലത്തുണ്ടായിരുന്നതായി വിവരം ലഭിച്ചതിനാല്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. യുവതിയുടെ മരണത്തിന് കാരണം ആണ്‍സുഹൃത്താണെന്നും ഇയാൾക്ക് യുവതി പണവും സ്വര്‍ണവും നല്‍കിയെന്നുമുള്ള മാതാവിന്റെ ആരോപണവും പോലീസ് പരിശോധിക്കും. എന്നാല്‍ ആത്മഹത്യാക്കുറിപ്പില്‍ അത്തരത്തിലുള്ള ഒരു പരാമര്‍ശവുമില്ല. അന്വേഷണത്തിലും ഇങ്ങനെ വിവരം കിട്ടിയിട്ടില്ല. സാഹചര്യത്തെളിവുകളുമില്ല. ഇതുവരെ പോലീസ് എടുത്ത നടപടികള്‍ തെളിവ് അടിസ്ഥാനമാക്കിയാണെന്നും പോലീസ് പറയുന്നു.







