Spread the love

ബാര്‍ബഡോസ്: ലോകകപ്പ് വിജയത്തിന്റെ ആഘോഷത്തിലും ആവേശത്തിലുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ത്രില്ലര്‍ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ ലോകകിരീടത്തില്‍ മുത്തമിട്ടത്. വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബാര്‍ബഡോസ് പിച്ചിലെ ഒരു തരി മണ്ണ് രുചിച്ച് നോക്കുന്ന ദൃശ്യങ്ങള്‍ ആരാധകരുടെ മനസ്സ് കീഴടക്കിയിരുന്നു. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത സംഭവത്തെ കുറിച്ച് പ്രതികരിച്ച് രോഹിത് തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

‘ഒന്നും മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നില്ല. ആ നിമിഷം അനുഭവിക്കുക മാത്രമാണ് ഞാന്‍ ചെയ്തിരുന്നത്. ആ പിച്ചാണ് ഞങ്ങള്‍ക്ക് ലോകകപ്പ് സമ്മാനിച്ചത്. ആ പ്രത്യേക പിച്ചില്‍ കളിച്ചാണ് ഞങ്ങള്‍ മത്സരം വിജയിച്ചത്. ആ ഗ്രൗണ്ടും പിച്ചും ജീവിതകാലം മുഴുവനും എന്റെ ഓര്‍മ്മയിലുണ്ടാവും. അതുകൊണ്ടുതന്നെ അതിന്റെ ഒരു ഭാഗം എന്നോടൊപ്പം എപ്പോഴും വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അങ്ങനെയൊരു ആഘോഷത്തിന് പിന്നിലെ വികാരം അതായിരുന്നു’, ബിസിസിഐ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രോഹിത് പറഞ്ഞു.


17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ടീം ഇന്ത്യ ട്വന്റി 20 ലോകകപ്പ് ഉയര്‍ത്തിയത്. ബാര്‍ബഡോസില്‍ നടന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തകര്‍ത്താണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. വിജയത്തിന്റെ ആവേശവും സന്തോഷവും ആഘോഷിക്കുന്ന ടീമംഗങ്ങളുടെ ഓരോ ചിത്രവും ഇന്ത്യന്‍ ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു.

Leave a Reply