നടൻ ജയൻ രവി വിവാഹമോചിതനാകാൻ പോകുന്നു എന്ന വിവരം വലിയ വാർത്താ പ്രാധാന്യം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ നേടിയിരുന്നു. പ്രസിദ്ധനായ ഒരു നടൻ വിവാഹ ബന്ധം വേർപെടുത്താൻ ഒരുങ്ങുന്നു എന്നതിനാൽ ആയിരുന്നില്ല വാർത്താ മാധ്യമങ്ങൾ ഏറ്റെടുത്തത്, മറിച്ച് തന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിവാഹമോചനത്തിന് ഒരുങ്ങിയതെന്ന ജയം രവിയുടെ ഭാര്യ ആരതിയുടെ വാക്കുകൾ പുറത്തു വന്നതോടെയാണ്.
പത്രക്കുറിപ്പിലൂടെയാണ് 15വർഷം നീണ്ട തങ്ങളുടെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ജയം രവി വ്യക്തമാക്കിയത്. വിവാഹമോചന വാർത്തകൾക്കും ആരതിയുടെ പരസ്യ പ്രതികരണത്തിനും തൊട്ടുപിന്നാലെ ഗായിക കെനിഷ ഫ്രാൻസിസുമായുള്ള നടന്‍റെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹമോചനം സംബന്ധിച്ച വിഷയത്തില്‍ ഗായിക കെനിഷയുടെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ മാധ്യമങ്ങളോട് സംസാരിക്കവെ നടന്‍ രംഗത്ത് എത്തിയ കാര്യമാണ് ചർച്ചയാകുന്നത്.
“ജീവിക്കാൻ അനുവദിക്കൂ, ഇതിലേക്ക് ആരുടെയും പേര് വലിച്ചിഴക്കരുത്, ആളുകൾ യാദൃശ്ചികമായ കാര്യങ്ങളാണ് പറയുന്നത്, ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടരുത്, വ്യക്തിജീവിതത്തിലെ സ്വകാര്യത കാക്കണം. 600 സ്റ്റേജ് ഷോകളിൽ പാടിയ വ്യക്തിയാണ് കെനിഷ. വളരെ കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു സൈക്കോളജിസ്റ്റാണ് അവര്‍”.
സാധാരണക്കാരുടെ ക്ഷേമത്തിനായുള്ള തന്‍റെ ഭാവി പദ്ധതികളെ തകർക്കാൻ മാത്രമാണ് ഇത്തരം കിംവദന്തികൾ കൊണ്ട് സാധിക്കുകയെന്നും ജയം രവി കൂട്ടിച്ചേർത്തു. “എനിക്കും കെനിഷയ്ക്കും ഭാവിയിൽ ഒരു ഹീലിംഗ് സെന്‍റര്‍ തുടങ്ങാൻ പദ്ധതിയുണ്ട്. അതാണ് ഞങ്ങളുടെ ലക്ഷ്യം. പലരെയും സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ദയവായി ഇത് നശിപ്പിക്കരുത്. അതിനാല്‍ വിവാദങ്ങളില്‍ അനാവശ്യമായി ആരെയും ഉൾപ്പെടുത്തരുത്” ജയം രവി പറഞ്ഞു.
അതേസമയം ഈ വിവാദം കത്തി നില്‍ക്കുന്നതിന് തൊട്ടുപിന്നാലെ ഒരു തമിഴ് മാസിക, ജയം രവിക്ക് ഗായിക കെനിഷയുമായി ബന്ധമുണ്ടെന്നും ഇരുവരും ഗോവയിൽ ഒന്നിച്ച് അവധിക്കാലം ചിലവഴിച്ചുവെന്നും എഴുതിയിരുന്നു.