മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച ഒരു നടിയുണ്ട്. വളരെ അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒരു അവസരമാണ് അതെന്നു തന്നെ പറയാം.ആരാണ് ആ നടിയെന്നല്ലേ? മമ്മൂട്ടിയുടെ നായികമാരുടെ കൂട്ടത്തില്‍ ആ സവിശേഷത സ്വന്തമാക്കുന്ന നടി മീനയാണ്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മീന ഇക്കാര്യങ്ങൾ തുറന്നപറഞ്ഞത്.
ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ ആളാണ് മീന. 13-ാം വയസിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. താരത്തിന്റെ മാതാപിതാക്കൾക്ക് സിനിമാ ലോകത്തെ കുറിച്ച് വലിയ പേടി തുടക്കകാലത്ത് ഉണ്ടായിരുന്നുവെങ്കിലും പിന്നീടിങ്ങോട്ട് 41 വർഷങ്ങൾ പിന്നിടുമ്പോഴും സുപ്പർസ്റ്റാറുകളുടെയടക്കം നായികയായി അരങ്ങു വാഴുകയാണ് താരം.
ഒരു കൊച്ചു കഥ എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായും പിന്നീട് കാമുകിയായും ഒടുവിൽ അമ്മയായും അഭിനയിച്ചിട്ടുണ്ട്. അതൊക്കെ നല്ല ഓർമകളാണ്. തമിഴിലും രജനികാന്തിന്റെ മകളായും ഭാര്യയായും അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും അങ്ങനെ ചെയ്തിട്ടുണ്ട്. ആർക്കും ലഭിക്കാത്ത ഭാഗ്യമായിരുന്നു അതെല്ലാം താരം പറയുന്നു.
അതേസമയം വിവാഹശേഷം ഇനി അഭിനയിക്കണ്ട എന്നും കുടുംബമായി ജീവിക്കാമെന്നും താൻ തീരുമാനിച്ചുവെങ്കിലും അത് നടന്നില്ലെന്ന് മീന പറയുന്നു . കൂടുതൽ അവസരങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചില്ല. തിരക്ക് കാരണം പല സൂപ്പർഹിറ്റ് ചിത്രങ്ങളും നഷ്ടപ്പെട്ടിരുന്നു എന്ന് പറഞ്ഞ താരം ഹരികൃഷ്ണൻസ് എന്ന ചിത്രത്തിൽ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിക്കാനുളള അവസരം ഇത്തരത്തിൽ നഷ്ടപ്പെട്ടതാണെന്നും പറഞ്ഞു. ബ്രോ ഡാഡി എന്ന സിനിമയിൽ പൃഥ്വിരാജാണ് എന്റെ മകൻ എന്ന് കേട്ടപ്പോൾ ഞാൻ അതിശയിച്ചു പോയെന്നും എന്നാൽ പൃഥ്വി പറഞ്ഞു മനസിലാക്കിയെന്നും താരം പറയുന്നു.