ഇടുക്കി: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു. രാത്രി 11 മണിക്ക് രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം ജലനിരപ്പ് 2396.44 അടിയിലെത്തി. 2396.88 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.
ഇതുസംബന്ധിച്ച് എറണാകുളം ജില്ലാ കളക്ടര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ചുവടെ:
‘ഇടുക്കി അണക്കെട്ടിൽ ഇന്നു രാത്രി 11 മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ് ഇപ്രകാരമാണ്.
ഇടുക്കിയിലെ പൂർണ സംഭരണ ശേഷി – 2403 അടി. നിലവിലെ സ്ഥിതി – 2396.44 അടി. ജലനിരപ്പ് 2396.86 അടിയിലെത്തിയാലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുക. 2397.86 അടിയിലെത്തിയാലാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുക. അപ്പർ റൂൾ കർവായ 2398.86 അടിയിൽ ജലനിരപ്പെത്തിയാലാണ് അണക്കെട്ടിന്റെ ഷട്ടർ തുറന്ന് ജലമൊഴുക്കേണ്ട സാഹചര്യമുണ്ടാവുക.
ഇന്നു രാത്രിയിൽ ഇത്തരമൊരു അടിയന്തര സാഹചര്യം പ്രതീക്ഷിക്കുന്നില്ല. ഓരോ അലർട്ടിനും മുമ്പ് കൃത്യമായ മുന്നറിയിപ്പുകൾ അതത് മേഖലകളിലെ ജനങ്ങൾക്ക് നൽകുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകൾ തികഞ്ഞ ജാഗ്രതയോടെ രംഗത്തുണ്ട്.
ഇടമലയാർ ജലസംഭരണിയിൽ 165 മീറ്ററാണ് രാത്രി 11 മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ്. 169 മീറ്ററാണ് പൂർണ നിരപ്പായി നിശ്ചയിച്ചിരിക്കുന്നത്. സംഭരണശേഷിയുടെ 88.65 ശതമാനം വെള്ളമാണ് ഡാമിലുള്ളത്. ഈ മേഖലയിൽ കാര്യമായ മഴയില്ല. ആശങ്കപ്പെടേണ്ട സാഹചര്യവും ഇടമലയാറിൽ നിലവിലില്ല. പെരിയാറിലെ നിലവിലെ ജലനിരപ്പും പരിധിക്കുള്ളിലാണ്.’