ഹയർ സെക്കന്ററി സ്കൂളുകളിലെ കെമിസ്ട്രി ലാബുകൾ പ്രയോജനപ്പെടുത്തി ജലഗുണനിലവാര ലാബുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ദേശമംഗലം ഹയർ സെക്കന്ററി സ്കൂളിൽ ദേവസ്വം, പട്ടികജാതി, പട്ടികവർഗ പിന്നോക്ക ക്ഷേമ പാർലമെന്ററി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ജില്ലയിലെ 8 നിയോജക മണ്ഡലങ്ങളിലായി 54 ഹയർ സെക്കന്ററി സ്കൂളുകളിൽ ഈ ലാബുകൾ പ്രവർത്തനം ആരംഭിക്കും. ശുദ്ധവും സുരക്ഷിതവുമായ ജലം ലഭ്യമാക്കി ജലജന്യ രോഗങ്ങളുടെ വ്യാപനം തടയാനാണ് ലക്ഷ്യമിടുന്നത്. ജലത്തിന്റെ നിറം, ഗന്ധം, പി.എച്ച് മൂല്യം, വൈദ്യുത ചാലകത, ലവണ സാന്നിധ്യം, ഖര പദാർത്ഥങ്ങളുടെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയയുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം എന്നീ ഘടകങ്ങളാണ് ഈ ലാബുകളിൽ പ്രധാനമായും പരിശോധിക്കുന്നത്.