Spread the love

കാസർകോട് ചിത്താരി കടപ്പുറത്ത് മണൽത്തിട്ടയിൽ രൂപപ്പെട്ടത് മരങ്ങളോടു സാമ്യമുള്ള രൂപങ്ങൾ. വേലിയിറക്ക സമയത്ത് ചിത്താരി അഴിമുഖത്തിനു അടുത്ത് കടൽ 50 മീറ്ററിലേറെ ഉൾവലിഞ്ഞിരുന്നു. ഈ ഭാഗത്തെ മണൽത്തിട്ടയിലാണ് ശിൽപികൾ തടിയിൽ കൊത്തിയെടുക്കുന്നതു പോലെ മരങ്ങളുടെ രൂപമുള്ള പാറ്റേണുകൾ തെളിഞ്ഞത്. വേലിയിറക്കത്തിന്റെ സമയത്ത് കടൽ പിന്നോട്ട് ഇറങ്ങുന്നത് വേഗത്തിൽ സംഭവിക്കുന്നതല്ല. തിര പിന്നോട്ടിറങ്ങുന്നതിനൊപ്പം മുന്നോട്ടുള്ള ചലനവും ചെറിയ തോതിൽ തുടരും. ഇതിനിടെ വൃത്തത്തിലുള്ള ചലനം ചെറിയ ചുഴികൾ സൃഷ്ടിക്കും.

തിര പിൻവലിയുമ്പോൾ മണലിലെ എക്കലിനെയും കളിമണ്ണിന്റെ അംശത്തെയും വലിച്ചു കൊണ്ടു പോകുന്നുണ്ട്. താരതമ്യേന വലിപ്പം കൂടിയ മണൽത്തരികൾ നിലനിൽക്കുകയും ചെയ്യുന്നു. തിരയുടെ ചലനം മണൽത്തിട്ടയുടെ ഉപരിതലത്തിൽ സൂക്ഷ്മ തലത്തിൽ സങ്കീർണമായ പാറ്റേണുകൾ സൃഷ്ടിക്കുന്നുണ്ട്. ഇത് പല തവണ ആവർത്തിക്കുമ്പോളാണ് പലപ്പോളും നമ്മളെ അതിശയിപ്പിക്കുന്ന രൂപങ്ങൾ മണൽത്തിട്ടകളിൽ രൂപപ്പെടുന്നത്. ഇത്തരം പ്രതിഭാസങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്നത് കോസ്റ്റൽ മോർഫോ ഡൈനാമിക്സ് എന്ന ശാസ്ത്ര ശാഖയാണ്.

Leave a Reply