സംവിധായകൻ ലിജു കൃഷ്ണക്കെതിരെ പീഡനപരാതി ഉന്നയിച്ച പെൺകുട്ടിക്ക് പിന്തുണയുമായി വിമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ള്യുസിസി). അതിജീവിതയ്ക്ക് ഒപ്പമാണെന്നും കേസ് തീർപ്പാകുന്നതുവരെ ആരോപണവിധയനായ സംവിധായകൻ ലിജു കൃഷ്ണയെ വിലക്കണമെന്നും ഡബ്ള്യുസിസി ആവശ്യപ്പെട്ടു.
“കേരള സർക്കാരും, സിനിമാ രംഗവും പോഷ് നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ സംഭവം പുറത്തേക്ക് വരുന്നത്. മലയാള സംവിധായകൻ ലിജു കൃഷ്ണയെ ബലാത്സംഗക്കേസിൽ ഇന്നലെ അറസ്റ്റു ചെയ്തു. ഡബ്ള്യുസിസി അതിജീവിച്ചവളുടെ കൂടെ നിൽക്കുകയും, സംസാരിക്കാനുള്ള അവളുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ഈ അവസരത്തിൽ സിനിമാ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ അതിജീവതക്കൊപ്പം നിന്ന് കൊണ്ട് കൈകൊള്ളേണ്ട അടിയന്തിര നടപടികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. കേസ് തീർപ്പാക്കുന്നതുവരെ സംവിധായകൻ ലിജു കൃഷ്ണയുടെ എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണം, കേസ് തീർപ്പാക്കുന്നതുവരെ മലയാളം ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സംവിധായകൻ ലിജു കൃഷ്ണയെ വിലക്കണം. മലയാളം സിനിമാ നിർമ്മാണങ്ങളിൽ പോഷ് നിയമം ഉടനടി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ഇൻഡസ്ട്രിയിലുടനീളമുള്ള ലൈംഗികപീഡനങ്ങളോട് ഒരു സീറോ ടോളറൻസ് നയവും ഡബ്ല്യുസിസി ആവർത്തിക്കുന്നു.” ഡബ്ള്യുസിസി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
‘പടവെട്ട്’ എന്ന പുതിയ ചിത്രത്തിന്റെ മട്ടന്നൂരിലെ ലൊക്കേഷനിൽ നിന്നാണ് ലിജു കൃഷ്ണ അറസ്റ്റിലായത്. ‘കാക്കനാട് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ലിജു തന്നെ ബലം പ്രയോഗിച്ച് മാനസികവും ശാരീരികവും ലൈംഗികമായി മുതലെടുപ്പ് നടത്തിയെന്നും 2021 ജനുവരിയില്‍ ഗര്‍ഭിണിയാണെന്നറിയുകയും ഗര്‍ഭച്ഛിദ്ദം നടത്തുകയും അതിന് പിന്നാലെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂര്‍ണമായി തകരുകയും ചെയ്‌തെന്ന് വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ ലിജുവിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ് യുവതി.