Spread the love




പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് നേരെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൈന്യത്തിൽ അഭിമാനമുണ്ടെന്നും ഭീകരവാദത്തെ തുടച്ചുനീക്കുന്നതിൽ രാജ്യം ഉറച്ചുനിൽക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു.

അമിത് ഷായുടെ വാക്കുകൾ..

‘നമ്മുടെ സായുധ സേനയില്‍ അഭിമാനമുണ്ട്. പഹല്‍ഗാമില്‍ നമ്മുടെ നിരപരാധികളായ സഹോദരങ്ങളെ ഹീനമായി കൊലപ്പെടുത്തിയതിനുള്ള രാജ്യത്തിന്റെ മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഇന്ത്യയ്ക്കും നമ്മുടെ ജനതയ്ക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നല്‍കുമെന്ന് മോദി സര്‍ക്കാര്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഭീകരവാദത്തെ വേരൊടെ പിഴുതെറിയും’

അതേ സമയം ഇന്ത്യൻ സെന്യത്തിൽ അഭിമാനമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചു. നമ്മുടെ ധീരനായ സൈനികർ നമ്മുടെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നു. ദൈവം അവരെ സംരക്ഷിക്കുകയും വെല്ലുവിളികൾ നേരിടാനുള്ള ധൈര്യം നൽകുകയും ചെയ്യട്ടെ എന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ഇന്ത്യൻ സേനയിൽ അഭിമാനിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുലിന്റെ പ്രതികരണം. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ തകർത്ത സേനയിൽ അഭിമാനിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.

ഇന്ത്യൻ സേനയിൽ അഭിമാനം തോന്നുന്നുവെന്ന് വി ഡി സതീശൻ കുറിച്ചു. സൈന്യത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് എത്തി. ഇന്ത്യൻ ആർമിയുടെ നീക്കത്തെ ശക്തമായി പിന്തുണക്കുന്നു. രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം. ഭീകരൻമാർക്ക് മറുപടി കൊടുക്കേണ്ടത് നാളെ ഇത് ആവർത്തിക്കാതിരിക്കാൻ ആവശ്യമായിരുന്നുവെന്നും രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്ന നടപടിയായിരുന്നുവെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു

Leave a Reply