ഇന്‍ ഹരിഹർ നഗർ പോലെ പ്രേക്ഷകർ തലകുത്തിമറിഞ്ഞു ചിരിച്ചൊരു സിനിമയുണ്ടോയെന്ന് സംശയമാണ്. മലയാള സിനിമ ഹാസ്യ സാമ്രാജ്യത്തിലെ പ്രധാന നടന്മാരായ ജഗദീഷ്, അശോകൻ, സിദ്ദിഖ്,മുകേഷ് എന്നിവർ നിറഞ്ഞാടിയ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിലെ രണ്ടാമത് ചിത്രം കൂടിയായിരുന്നു. കൂട്ട് കെട്ട് ആവർത്തിച്ച് ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗം എത്തിയപ്പോഴും പ്രേക്ഷകർ ഏറ്റെടുത്ത് വിജയിപ്പിച്ചിരുന്നു. അത്രയ്ക്ക് മലയാളികൾ ജഗദീഷ്, അശോകൻ, സിദ്ദിഖ്,മുകേഷ് കൂട്ടുകെട്ട് ആസ്വദിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ കാണിക്കുന്ന അത്രയും ദൃഢമായ സൗഹൃദമൊന്നും യഥാർത്ഥ ജീവിതത്തിൽ തങ്ങൾക്കിടയിൽ ഇല്ലെന്ന് പറയുകയാണ് അശോകൻ.
‘സിനിമയുടെ സമയത്ത് മാത്രമല്ലേ സൗഹൃദം പറ്റുകയുള്ളു. സിനിമാ കഴിഞ്ഞ് സൗഹൃദം ഉണ്ട്. പക്ഷേ, പടത്തിൽ നമ്മൾ കാണിക്കുന്നത് പോലുള്ള സൗഹൃദമൊന്നും ഇല്ല. എല്ലാരും ചോദിക്കും, നിങ്ങൾ ഉറങ്ങുന്നത് ഒരുമിച്ചാണോ, ഭക്ഷണം കഴിക്കുന്നത് ഒരുമിച്ചാണോ കുളിക്കുന്നത് ഒരുമിച്ചാണോ യാത്ര പോകുന്നത് ഒരുമിച്ചാണോ എന്നൊക്കെ. അങ്ങനെയാണ് ഒരോ ചോദിക്കുന്നത്. അതെങ്ങനെ പറ്റും. സിനിമയിലെ പോലെ ഒരിക്കലും അത് സംഭവിക്കില്ല. അത് നല്ല കാര്യം തന്നെയാണ്. എന്ന് വിചാരിച്ച് സിനിമ കഴിഞ്ഞിട്ടും ഞങ്ങൾ എല്ലാവരും അങ്ങനെയൊന്നുമല്ല. സിനിമാ പൂർണമായും കച്ചവട മേഖലയാണ്. കച്ചവടം നടക്കുമ്പോഴേ സ്നേഹം കൂടുതൽ ഉണ്ടാകുകയുള്ളു. കച്ചവടം കഴിയുമ്പോൾ ആ സ്നേഹ ബന്ധമില്ല എന്നല്ല. തത്കാലത്തേക്ക് അതങ്ങ് അവസാനിക്കുകയാണ്,’ അശോകൻ പറയുന്നു.








