Spread the love

കഴിഞ്ഞദിവസമാണ് നടിയും നിർമാതാവുമായ ഷീലു എബ്രഹാം യുവതാരങ്ങളായ ടോവിനോ തോമസ്, പെപ്പെ, ആസിഫ് അലി എന്നിവർക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. മൂന്നു നടന്മാർക്കും ഓണത്തിന് റിലീസ് ഉണ്ടായിരുന്നു. ഈ സിനിമകളുടെ പ്രമോഷന്റെ ഭാഗമായി മൂവരും പരസ്പരം തങ്ങളുടെ സിനിമകളെ പ്രമോട്ട് ചെയ്തുകൊണ്ട് വീഡിയോകളും ചെയ്തിരുന്നു. ഈ പ്രവർത്തി തങ്ങൾ നിർമിക്കുന്ന ‘ബാഡ് ബോയ്സ്’ എന്ന ചിത്രമടക്കമുള്ള മറ്റു ഓണം റിലീസ്സുകളെ അവഗണിച്ചു കൊണ്ടുള്ളതായിരുന്നു എന്ന് കുറ്റപ്പെടുത്തിയാണ് ഷീലു പ്രതികരിച്ചിരുന്നത്. ഇപ്പോഴിതാ വിഷയത്തിൽ ഖേദപ്രകടനവുമായി രംഗത്തെത്തിയിരിക്കുകകയാണ് നടൻ ആസിഫ് അലി. തങ്ങളുടെ സിനിമകളുടെ പേര് പറയുന്നതിനിടയിൽ മറ്റ് സിനിമകളുടെ പേര് പറയാൻ വിട്ടു പോയതിൽ വിഷമമുണ്ടെന്നായിരുന്നു ആസിഫ് അലിയുടെ പ്രതികരണം.

ഈ വർഷം തുടക്കം മുതൽ മലയാള സിനിമയെ സംബന്ധിച്ച് ഗംഭീര തുടക്കമായിരുന്നു. എങ്കിലും പ്രതീക്ഷിക്കാതെ ഒരു ദുരന്തം ഉണ്ടായി. ഇത് തിയേറ്ററുകളെ ബാധിച്ചോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ എല്ലാ ബിസിനസുകളെയും പോലെ സിനിമയ്ക്കും ഓണം സീസൺ വളരെ പ്രധാനപ്പെട്ടതാണ്. ഇതിന്റെ ഭാഗമായാണ് അന്ന് ആ വീഡിയോ ചെയ്തത് എന്നും, ഈയൊരു സീസൺ സജീവമാകണമെന്ന നല്ല ഉദ്ദേശം മാത്രമായിരുന്നു തങ്ങൾക്കുണ്ടായിരുന്നത് എന്നും ആസിഫ് അലി പറയുന്നു.

ഞങ്ങൾ മൂന്നുപേരും മൂന്ന് സ്ഥലങ്ങളിൽ നിൽക്കുന്ന സമയത്താണ് ഇതുപോലൊരു പ്രമോഷണൽ വീഡിയോ ചെയ്യാനുള്ള ചിന്ത വന്നതെന്നും ബാക്കിയുള്ള സിനിമകളുടെ പേര് പറയാതിരുന്നത് തെറ്റ് തന്നെയാണെന്നും ആസിഫ് അലി പറയുന്നു. മറ്റുള്ളവർ ചൂണ്ടിക്കാട്ടിയ ആ തെറ്റ് തങ്ങൾക്കും മനസ്സിലായി എന്നും എന്നാൽ വിവാദമായ പ്രമോഷൻ വീഡിയോയ്ക്ക് പിന്നിൽ തങ്ങൾക്കുണ്ടായിരുന്ന ആവേശം പ്രേക്ഷകരിലേക്കും പകരുക എന്ന ആഗ്രഹം മാത്രമാണ് ഉണ്ടായിരുന്നത് എന്നും ആസിഫലി വിശദീകരിക്കുന്നു.

നമുക്ക് മാർക്കറ്റ് ചെയ്യാനേ പറ്റൂ. ആളുകളുടെ തീരുമാനമാണ് സിനിമ കാണുക എന്നത്. ഒരു സിനിമയുടെ പേര് പറഞ്ഞില്ല എന്നതുകൊണ്ട് സിനിമയ്ക്ക് ഒരു മോശം സംഭവിക്കില്ല എന്നും ആസിഫ് അലി പറഞ്ഞു. എന്നിരുന്നാലും ഞങ്ങൾ അത് വിട്ടുപോയതിൽ വിഷമമുണ്ടെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

Leave a Reply