മുള്ളരിങ്ങാട്: ചാത്തമറ്റം -മുള്ളരിങ്ങാട് പ്രദേശത്ത് കാട്ടാനശല്യം നിയന്ത്രിക്കാൻ നടപടി ഉണ്ടാകുമെന്ന പ്രഖ്യാപനം പാഴ്‌വാക്കായി. വെള്ളിയാഴ്ച പകൽ വലിയകണ്ടം ഭാഗത്ത് 2 കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചു. മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടാനശല്യം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാൻ ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ വണ്ണപ്പുറം പഞ്ചായത്തിൽ കഴിഞ്ഞ മാസം യോഗം ചേർന്നിരുന്നു.
നാട്ടിലും റോഡിലും ഇറങ്ങുന്ന കാട്ടാനയെ കാട്ടിലേക്ക് തുരത്താൻ 2 വാച്ചർമാരെ നിയമിക്കുമെന്നും ഇനിയും പൂർത്തീകരിക്കാനുള്ള ഫെൻസിങ് ജോലി 3 മാസത്തിനകം പൂർത്തിയാക്കാനും ഈ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിനാവശ്യമായ തുക എംപി ഫണ്ടിൽനിന്ന് ലഭ്യമാക്കുമെന്നും പറഞ്ഞിരുന്നു. ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
നിരന്തരമുണ്ടാകുന്ന കാട്ടാന ശല്യം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. നേരത്തേ ചാത്തമറ്റം റോഡിലും സമീപ പ്രദേശങ്ങളിലും കാട്ടാനകൾ ഇറങ്ങി കൃഷി നാശം വരുത്തിയിരുന്നു. കാട്ടാനകളെ ഉൾകാട്ടിലേക്ക് തുരത്താൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.