Spread the love

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം സുമതി വളവിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ പിറന്നാൾ ദിനത്തിലാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. അഭിലാഷ് പിള്ള, അർജുൻ അശോകൻ, ബാലു വർ​ഗീസ്, ശ്രീപഥ് തുടങ്ങിയവരാണ് പോസ്റ്ററിലുള്ളത്.

പിറന്നാൾ ദിവസം തന്റെ സ്വപ്നമായ സുമതി വളവിന്റെ ഫസ്റ്റ്ലുക്ക്‌ റിലീസ് ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് അഭിലാഷ് പിള്ള ഫെയ്സ്ബുക്കിൽ കുറിച്ചു. കുറെയധികം ചിരിക്കാനും പേടിക്കാനും പ്രിയപ്പെട്ടവർക്ക് സുമതി വളവിലേക്ക് സ്വാഗതമെന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

അഭിലാഷ് പിള്ള തിരക്കഥ രചിച്ച് വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ സിനിമയാണ് സുമതി വളവ്. അർജുൻ അശോകനാണ് നായകൻ. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം ഹൊറർ കോമഡി ജോണറിലാണ് ഉൾപ്പെടുന്നത്.

വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് നിർമിക്കുന്ന ചിത്രത്തിൽ മാളവിക മനോജ്, ശ്യാം മോഹൻ, സജിൻ ഗോപു, ലാൽ, സൈജു കുറുപ്പ്, ജയകൃഷ്ണൻ, ദേവനന്ദ, ശ്രീപഥ്, മണിയൻപിള്ള രാജു, ഗോപിക എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്.

Leave a Reply