തിരുവനന്തപുരം; വീട്ടമ്മമാർക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ടുളള, കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹിം നിയമസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിനെ എതിര്‍ത്ത് നിയമസഭയിലെ വനിതാ അംഗങ്ങള്‍. ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജും വടകര എംഎൽഎ കെ കെ രമയുമാണ് ബില്ലിനെ എതിര്‍ത്തത്.
തൊഴിലില്ലാത്ത വീട്ടമ്മാരുടെ സുരക്ഷക്കും ചികിത്സയ്ക്കുമൊപ്പം വരുമാനം കൂടി ഉറപ്പാക്കണമെന്നാവശ്യപ്പട്ടുളള ബില്ലിനെതിരെ കടുത്ത വിമര്‍ശനം ഉയർന്നു. സ്ത്രീകളെ അടുക്കളയില്‍ തളച്ചിടാന്‍ മാത്രമെ ബില്‍ ഉപകരിക്കൂ എന്നായിരുന്നു രമയുടെ വിമര്‍ശനം. നിലവിലെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ക്ഷേമനിധി ബോര്‍ഡിന്‍റെ ആവശ്യമില്ലെന്ന് പറഞ്ഞു ആരോഗ്യമന്ത്രി വീണാ ജോർജ്ജും രമയുടെ നിലപാടിന് പിന്തുണ നല്‍കി.
വീട്ടമ്മമാരുടെ ജോലിയൂടെ മൂല്യം തിട്ടപ്പെടുത്താനാവില്ലെന്നും അവർക്ക് പരിഗണന നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ബില്‍ അവതരിപ്പിച്ചതെന്നും ടിവി ഇബ്രാഹിം വിശദീകരിച്ചു. വീട്ടമ്മമാർക്ക് പെൻഷനും പരിഗണനയുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം നിലനിൽക്കെ ബില്ലിന്‍മേല്‍ സര്‍ക്കാര്‍ നിലപാട് അറിയേണ്ടതുണ്ട്.