ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്താന്‍ ഇരിക്കെ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജെക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്.

https://youtu.be/08PrZzvV4Hk?si=C2ARJJbylWYu45Bz
ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് സമകാലിക സംഭവങ്ങളെ പരാമര്‍ശിക്കുന്ന ടീസര്‍ നല്‍കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.
ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു. രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.