Spread the love

കൽപറ്റ: കുടുംബത്തെ പോറ്റാൻ വേണ്ടിയാണ് നൗഫൽ മൂന്ന് മാസം മുമ്പ്‍ ഒമാനിലേക്ക് പോയത്. തിരികെ വന്നപ്പോൾ നാടില്ല, വീടില്ല, ഉറ്റവരില്ല. വീടിരുന്ന സ്ഥാനത്ത് മൺകൂനയല്ലാതെ മറ്റൊന്നുമില്ല. മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരനും സഹോദരന്റെ മക്കളും അടക്കം 11 പേരെയാണ് നൗഫലിന് നഷ്ടമായത്. ശൂന്യമായി, നിസ്സഹായതയോടെ ദുരന്തഭൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന നൗഫൽ കണ്ടുനിൽക്കുന്നവരുടെ നെഞ്ചുപൊളളിക്കും. ദുരന്തവാർത്തയറിഞ്ഞ് കഴിഞ്ഞ ബുധനാഴ്ചയാണ് നൗഫൽ നാട്ടിൽ തിരിച്ചെത്തുന്നത്.

മുണ്ടക്കൈ പള്ളിക്ക് സമീപത്തായിരുന്നു നൗഫലിന്റെ വീട്. ഉരുൾപൊട്ടലിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ ഓടി മുകളിലേക്ക് കയറിയത് കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് നൗഫലിന്‍റെ സഹോദരി ഭര്‍ത്താവ് മാധ്യമങ്ങളോട്പറഞ്ഞു. ഇന്നാണ് നൗഫല്‍ ദുരന്തം നടന്ന സ്ഥലത്തേക്ക് എത്തുന്നത്. എന്തുചെയ്യണമെന്നറിയാതെ വീടിരിക്കുന്ന സ്ഥലത്തേക്ക് നോക്കി നെഞ്ചു പൊട്ടി നില്‍ക്കുന്ന നൗഫല്‍ പൊള്ളിക്കുന്ന കാഴ്ചയാണ്. കാണാതായവരില്‍ ഇതുവരെ 9 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ലഭിച്ചതെന്ന് നൗഫലിന്‍റെ ബന്ധു പറഞ്ഞു. ബാക്കി മൃതദേഹേങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Leave a Reply