ജീവിതത്തിലുണ്ടായ തീരാനഷ്ടം തുറന്നുപറഞ്ഞ് നടി മല്ലിക സുകുമാരൻ. ഇളയമകനും നടനുമായ പൃഥ്വിരാജിന്റെ വിവാഹം ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു. ഭർത്താവായ സുകുമാരനെ മലയാളികൾ ഒരുപാട് സ്നേഹിച്ചിട്ടുണ്ടെന്നും ഭർത്താവ് സുകുമാരൻ മരിക്കുന്നതിന് മുൻപ് കുടുംബവുമായി ഒരുമിച്ചെടുത്ത ചിത്രത്തെക്കുറിച്ചും മല്ലികതുറന്നു പറയുന്നു.
‘ആ ചിത്രത്തിന് എന്റെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. അത് കാണുമ്പോൾ എനിക്ക് സങ്കടമാണ്. അദ്ദേഹത്തിന്റെ മരണത്തിന് മുൻപ് ഞങ്ങൾ നാല് പേരും ചേർന്ന് ഒരുമിച്ചെടുത്ത ചിത്രമാണത്.ഇന്ദ്രജിത്തിനെ നാഗർകോവിലിൽ ഉളള എസ് എസ് രാജയുടെ ഒരു കോളേജിലാണ് ചേർത്തത്. ഞങ്ങൾ എസ് എസ് രാജയുമായി നല്ല സൗഹൃദത്തിലായിരുന്നു. അദ്ദേഹത്തിന്റെ മകന്റെ കല്യാണത്തിന് പോകാൻ കഴിയില്ലായിരുന്നു. അപ്പോൾ കുടുംബസമേതം കല്യാണത്തിന് മുൻപ് അവരുടെ വീട്ടിൽ ഞങ്ങൾ പോയിരുന്നു. അത് കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോഴാണ് എനിക്ക് സുകുവേട്ടനെ നഷ്ടപ്പെട്ടത്. ജീവിതത്തിലെ തീരാനഷ്ടമായിരുന്നു അത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഇപ്പോഴും സങ്കടമാണ്.
സുകുവേട്ടൻ നന്നായി പുകവലിക്കുമായിരുന്നു. പക്ഷെ അത് വീട്ടിലെത്തിയാൽ അധികം ഉണ്ടാകാറില്ലായിരുന്നു. അദ്ദേഹം ഡീസന്റാണ്. ഇങ്ങനെയുളള പല ചിത്രങ്ങൾ കാണുമ്പോഴും എനിക്ക് സങ്കടം വരാറുണ്ട്. അതുപോലെ സന്തോഷമുണ്ടാക്കുന്ന ചിത്രങ്ങളും ഉണ്ട്. അങ്ങനെ സന്തോഷം തരുന്നതാണ് പൃഥ്വിരാജിന്റെ വിവാഹച്ചിത്രങ്ങൾ. ആ വിവാഹം ഒരിക്കലും മറക്കാൻ കഴിയില്ല. ലളിതമായി വിവാഹം നടത്താനാണ് ഞങ്ങൾ തീരുമാനിച്ചിരുന്നത്.സുപ്രിയ ആ കുടുംബത്തിലെ ഒറ്റമകളാണ്. അവരുടെ കുടുംബത്തിൽ ഒരുപാട് വയസായ ആളുകളുണ്ട്. അവർക്ക് വിവാഹത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ പാലക്കാട് ഒരു റിസോർട്ടിൽ വച്ചാണ് വിവാഹം നടത്തിയത്. വെറും അൻപത് പേരാണ് ചടങ്ങിൽ പങ്കെടുത്തത്. എല്ലാ ചടങ്ങും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഞങ്ങൾ അതിശയിച്ചുപോയി. നിറയെ മാദ്ധ്യമപ്രവർത്തകരായിരുന്നു. വിവാഹത്തിന് ഞങ്ങൾ അധികം പബ്ലിസിറ്റി നൽകിയിരുന്നില്ല’- മല്ലിക പറഞ്ഞു