സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തുന്ന ‘പുഷ്പ 2 ദി റൂൾ’. ഡിസംബർ അഞ്ചിന് തിയേറ്ററിലെത്തുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ അവസാന ഷോട്ട് പൂർത്തിയായ വിവരം അറിയിച്ചിരിക്കുകയാണ് അല്ലു അർജുൻ.
‘എന്തൊരു യാത്രയായിരുന്നു! അവസാന ദിനം, അവസാന ഷോട്ട്. പുഷ്പയുടെ അഞ്ച് വർഷത്തെ യാത്ര അവസാനിക്കുന്നു,’ എന്നാണ് അല്ലു അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. സിനിമയുടെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായിട്ടില്ല എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു.
അതേസമയം പുഷ്പ 2 വിന്റെ പ്രമോഷൻ പരിപാടികൾ തകൃതിയായി നടന്നുക്കൊണ്ടിരിക്കുകയാണ്. അല്ലുവും സംഘവും ഇന്ന് സിനിമയുടെ പ്രമോഷന്റെ ഭാഗമായി കേരളത്തിലെത്തും. ബിഹാറിലും ചെന്നൈയിലും മികച്ച സ്വീകരണമാണ് അല്ലുവിന് ലഭിച്ചത്. ഡിസംബർ അഞ്ചിനാണ് സിനിമയുടെ റിലീസ്. അല്ലു അർജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, സുനിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമിക്കുന്നത്.