ദില്ലി: ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണിനെതിരെ ഗുരുതരമായ ആരോപണം. ആമസോണ്‍ തങ്ങളുടെ സ്വന്തം ഉത്പന്നങ്ങള്‍ വില്‍ക്കാനായി തങ്ങളുടെ സെര്‍ച്ച് റിസല്‍ട്ടില്‍ അടക്കം കൃത്രിമം കാണിക്കുന്നു എന്നാണ് ആരോപണം. ആമസോണിനുള്ളില്‍ നിന്ന് തന്നെ ലഭിച്ച രേഖകള്‍ വഴി റോയിട്ടേര്‍സ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സെര്‍ച്ച് റിസല്‍ട്ടുകളില്‍ കൃത്രിമം കാണിക്കുന്നതിന് പുറമേ വില്‍പ്പന കൂടിയ ഉത്പന്നങ്ങളുടെ കോപ്പികള്‍ ഉണ്ടാക്കാനും ആമസോണ്‍ ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യയിലാണ് ആമസോണ്‍ ഇത് ചെയ്യുന്നത് എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട്. ചെറുകിട വ്യാപരങ്ങളെയും സ്ഥാപനങ്ങളെയും ഏതു വളരെയേറെ ബാധിക്കും. ഇന്ത്യയിലെ ചെറുകിട വ്യാപാരികളുടെ സംഘടനകള്‍ ആമസോണിനെതിരെ അന്വേഷണം നടത്തണം എന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. എന്നാല്‍ റോയിട്ടേര്‍സ് റിപ്പോര്‍ട്ടിനെതിരെ ആമസോണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.