കഥാപാത്രം ആവശ്യപ്പെടുന്ന നഗ്നത സ്ക്രീനിൽ വെളിപ്പെടുത്തി എന്ന ഒറ്റ കാര്യം കൊണ്ട് നിരന്തരം മലയാളികളുടെ കല്ലേറുകൊണ്ട നായികയാണ് കനി കുസൃതി. കരിയറിലും ജീവിതത്തിലും ഒട്ടേറെ വ്യത്യസ്ത പുലർത്തുന്ന നടി മലയാളത്തിലും അന്യഭാഷകളിലുമായി ചെയ്തതൊക്കെയും ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു. ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായ പായൽ കാപാഡിയയുടെ ‘നിനച്ചതെല്ലാം പ്രഭയല്ല’ എന്ന സിനിമയുടെ ഭാഗമാകാനും കനിക്ക് കഴിഞ്ഞിട്ടുണ്ട്. ചിത്രം ക്യാൻ ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കനിയെ പോലെ തന്നെ കനിയുടെ മാതാപിതാക്കളെയും മലയാളികൾക്ക് നന്നായി അറിയാം. ആക്ടിവിസ്റ്റ് ആയ മൈത്രേയനും ഡോക്ടറായ ജയശ്രീയും ആണ് കനിയുടെ മാതാപിതാക്കൾ. താരത്തെപ്പോലെ തന്നെ ജീവിതത്തെ തുറന്ന ചിന്താഗതിയോടെ കാണുന്നവരാണ് ഇരുവരും. ഇരുവരും വിവാഹ സങ്കൽപ്പങ്ങളിൽ വിശ്വസിക്കാത്തവരുമാണ്. ഈയടുത്ത് കനിയും താൻ ഒരു ഓപ്പൺ റിലേഷൻഷിപ്പിൽ ആണെന്നും തന്റെ കാമുകൻ മറ്റൊരാളെ കണ്ടുപിടിച്ചു എന്നും വ്യക്തമാക്കിയിരുന്നു. ബോംബെക്കാരനായ ആനന്ദാണ് കനിയുടെ മുൻ പങ്കാളി. ശ്രേയ എന്നാണ് തന്റെ കാമുകന്റെ പുതിയ പങ്കാളിയുടെ പേരെന്നും തനിക്ക് ഇരുവരുടെയും പുതിയ ബന്ധത്തിൽ പൂർണ്ണ സമ്മതമാണെന്നുമായിരുന്നു താരം വ്യക്തമാക്കിയത്.
ഇപ്പോഴിതാ കനിയെക്കുറിച്ച് മാതാപിതാക്കൾ പറഞ്ഞ കാര്യമാണ് ശ്രദ്ധേയമാകുന്നത്. വലിയ വലിയ അവസരങ്ങൾ വന്നിട്ടും അത് ചില കാരണങ്ങൾ പറഞ്ഞു കനി തട്ടി കളയുന്നതാണ് തങ്ങൾ കണ്ടിട്ടുള്ളതെന്നും ഏതൊക്കെ സിനിമയിൽ അഭിനയിക്കുന്നു, അതിൽ എന്തൊക്കെ ചെയ്യുന്നു എന്നതിനെ പറ്റിയെന്നും തങ്ങളുമായി കനി ചർച്ച ചെയ്യാറില്ലെന്നും മാതാപിതാക്കൾ പറയുന്നു. അതേസമയം ഞങ്ങൾ തിരിച്ചും അഭിനയത്തെപ്പറ്റിയോ തിരഞ്ഞെടുത്ത കഥാപാത്രങ്ങളെക്കുറിച്ചോ ചോദിക്കാറും പറയാറുമില്ലെന്നും ഇരുവരും പറയുന്നു.
കനിക്ക് ഒട്ടേറെ വിമർശനങ്ങൾ നേടിക്കൊടുത്ത സിനിമയായിരുന്നു ബിരിയാണി. ചിത്രത്തിലെ നഗ്ന സീനുകൾ ആയിരുന്നു വിമർശനങ്ങൾക്ക് കാരണം. ഈ ചിത്രത്തിൽ കനി അഭിനയിച്ചതും തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും മൈത്രേയനും ജയശ്രീയും പറയുന്നു.