Spread the love

പാരീസ്: നിർമിത ബുദ്ധി ഈ ലോകം കീഴടക്കുമെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക്. എല്ലാ ജോലികളും എഐ ചെയ്യുന്ന കാലം വരുമെന്നും ജോലികൾ ചെയ്യുകയെന്നത് മനുഷ്യന്റെ ‘ഹോബി’ മാത്രമായി മാറുമെന്നും മസ്ക് പ്രവചിക്കുന്നു. പാരീസിൽ നടന്ന സ്റ്റാർട്ടപ്പ്&ടെക്ക് ഇവന്റിൽ പങ്കെടുത്തവരോടായിരുന്നു മസ്കിന്റെ പ്രഖ്യാപനം. ഭാവിയിൽ ആർക്കും തന്നെ ജോലിയുണ്ടാകില്ലെന്ന് വീഡിയോ കോൺഫറൻസ് വഴി ചടങ്ങിൽ പങ്കെടുത്ത മസ്ക് പറഞ്ഞു.

ഭാവിയിൽ നിങ്ങൾക്ക് ഒരു ജോലി ചെയ്യണമെന്ന് തോന്നിയാൽ ഒരു ഹോബി പോലെ ജോലി ചെയ്യാം. കാരണം ആ ജോലി ചെയ്യാൻ എഐയും റോബോട്ടുകളും ഉണ്ടാകും. ഏതൊരു ജോലിയും സേവനവും ഉറപ്പുവരുത്താൻ നിർമിത ബുദ്ധിക്ക് കഴിയുന്ന കാലമാണ് വരാൻ പോകുന്നതെന്നും അന്ന് തന്റെ ഉൾപ്പെടെ എല്ലാവരുടെയും ജോലി പോകുമെന്നും മസ്ക് പറഞ്ഞു.

സാങ്കേതിക വിദ്യയെയാണ് താൻ ഏറ്റവുമധികം ഭയക്കുന്നത്. കഴിഞ്ഞ ഏതാനും വർഷത്തിനിടയ്‌ക്ക് നിർമിത ബുദ്ധിയുടെ കഴിവ് ത്വരിത​ഗതിയിൽ മെച്ചപ്പെട്ടു. അതുകൊണ്ട് വരാൻ പോകുന്ന വർഷങ്ങളിൽ ഒരാൾ ജോലി ചെയ്യുകയെന്നത് ഓപ്ഷണൽ ആയി മാറുമെന്നാണ് കരുതുന്നതെന്നും മസ്ക് പറഞ്ഞു. നിങ്ങൾ ചെയ്യുന്ന ജോലി നിങ്ങളേക്കാൾ മികച്ചതായി കമ്പ്യൂട്ടറുകൾക്കും റോബോട്ടുകൾക്കും ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങളുടെ ജീവിതത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടാകുമോയെന്നും മസ്ക് ചോദിച്ചു.

സോഷ്യൽ മീഡിയ യു​ഗത്തിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് കുട്ടികളുടെ സമൂഹമാദ്ധ്യമ ഉപഭോ​ഗം നിയന്ത്രിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മസ്ക് ഉപദേശം നൽകി. ഡോപമിൻ ഉത്പാദിപ്പിക്കാൻ തലച്ചോറിനെ പ്രേരിപ്പിക്കുന്ന വിധത്തിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വികസിപ്പിച്ചിരിക്കുന്നത്. അതിനാൽ ഒരിക്കൽ ഇത്തരം പ്ലാറ്റ്ഫോമുകളിലേക്ക് കടന്നുചെല്ലുന്ന കുട്ടികൾക്ക് അതൊരു ആസക്തിയായി മാറുമെന്നും മസ്ക് പറഞ്ഞു.

Leave a Reply