Spread the love

സിനിമാ നടൻ ആസിഫ് അലിയെ അറിയുമോ? ഇങ്ങനെ ആരെങ്കിലും ചോദിച്ചാൽ ഇതെന്ത് ചോദ്യമെന്ന് നിങ്ങൾ ആലോചിക്കില്ലേ! എന്നാൽ ഉലകനായകൻ കമലാഹാസന് ആസിഫിനെ പരിചയം കാണുമോയെന്ന് ചോദിച്ചാൽ നിങ്ങളൊന്നു തപ്പി തടയില്ലേ. സകലകലാവല്ലഭന്റെ ശ്രദ്ധയിൽ ആസിഫ് പെട്ടുകാണുമോ?ഇനി ആസിഫിന്റെ ഏതെങ്കിലും പടം മഹാനടൻ കണ്ടിട്ടുണ്ടെങ്കിൽ അത് ഏത്? ഇങ്ങനൊക്കെ സംശയങ്ങൾ സ്വാഭാവികം. ഇതേ സംശയമാണ് തനിക്കും ഉണ്ടായതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഹിറ്റ് സംവിധായകൻ ജിസ് ജോയ്.

ജിസ് ജോയ്-ആസിഫ് അലി കൂട്ടുകെട്ട് മിക്കപ്പോഴും ഹിറ്റുകൾ പിറക്കുന്ന ഒരു കൂട്ടുകെട്ട് ആണെന്നു തന്നെ പറയാം. ഈ കൂട്ടുകെട്ടിൽ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം തലവനെ കുറിച്ച് സംസാരിക്കുമ്പോഴാണ് ജിസ് ജോയ്‌ ഉലകനായകനും ആസിഫും കണ്ടുമുട്ടിയ കാര്യം പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

ബിജു മേനോനും ആസിഫും തകർത്തഭിനയിച്ച ക്രൈം ത്രില്ലർ പടം തിയേറ്ററിൽ മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു. ഇങ്ങനെ തലവൻ ഉലകനായകൻ കമൽ ഹാസനും കാണുകയും ചെന്നൈയിൽ വെച്ച് സിനിമയുടെ ടീമിനെ അദ്ദേഹം നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്യുകയായിരുന്നുവത്രെ. എന്നാൽ അന്നേരം ആസിഫിനെ അദ്ദേഹം അറിയുമോയെന്ന സംശയം തനിക്കുണ്ടായിരുന്നുവെന്നാണ് ജിസ്‍ജോയിയുടെ വെളിപ്പെടുത്തൽ. എന്നാൽ ആസിഫ് തന്നെ അവനെ കമൽ ഹാസന് പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം തങ്ങളെ ഞെട്ടിച്ചുകൊണ്ട് തനിക്ക് അറിയാമെന്ന് പറയുകയായിരുന്നുവെന്നും ജിസ് ജോയ് പറയുന്നു.

വളരെ ഭവ്യതയോടെയാണ് അദ്ദേഹത്തോട് ആസിഫ് അലി എന്ന് പറഞ്ഞത്. ഉടൻ അദ്ദേഹം ‘എന്തായിത്? എനിക്ക് നിങ്ങളെ അറിയാം. ഞാൻ നിങ്ങളുടെ ഉയരെ കണ്ടിട്ടുണ്ട്’ എന്ന് പറയുകയായിരുന്നു, ജിസ് ജോയ് പറഞ്ഞു.

Leave a Reply