ഒരു കാര്യം ഒരേ സമയം ഉപകാരവും ഉപദ്രവവും ആകാറില്ലേ? ഉദാഹരണത്തിന് നിങ്ങൾ ഒരു കൊടും കാട്ടിലകപ്പെട്ടെന്ന് കരുതുക. ദിശയയറിയാതെ നട്ടം തിരിയുന്ന നിങ്ങളോടൊപ്പം എങ്ങോട്ടു ചലിച്ചാലും കൂടെ കാണുക ചീവീടിന്റെ കാതടപ്പിക്കുന്ന ശബ്ദം മാത്രമായിരിക്കും. നിമിഷങ്ങൾക്കകം നിങ്ങൾക്കത് അസഹ്യമായും ഉപദ്രവമായും തോന്നും. എന്നാൽ ഇതേ ശബ്ദം പെട്ടെന്നങ്ങ് നിന്നു പോയാലോ? മനുഷ്യൻ ജീവിതത്തിൽ ഏറ്റവും ഭയപ്പെടുന്ന ഒന്നവിടെ സംഭവിക്കും. ‘ഒറ്റപ്പെടൽ!!’. അനുഗമിക്കാൻ ഒരു ശബ്ദം പോലും ഇല്ലാതാവുമ്പോൾ നമ്മൾ ഭയന്നു പോകും.
ഒരേസമയം ഉപദ്രവവും ഉപകാരവും ആകുന്ന പലതും, പലരുമില്ലേ നമുക്ക് ചുറ്റും. ഇത്തരത്തിൽ വ്യത്യസ്തമായ ഒരു നായക കഥാപാത്രമാണ് പത്തുവർഷത്തിനുശേഷം താൻ മലയാളത്തിൽ റീ- എൻട്രി ചെയ്യുന്ന സിക്കാഡ എന്ന ചിത്രത്തിലേതെന്ന് നടൻ രജത് പറയുന്നു.
മലയാളികളുടെ ഇഷ്ട സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സിക്കാഡ. ഓഗസ്റ്റ് 9നാണ് ചിത്രത്തിന്റെ തിയേറ്റർ റിലീസ്. സർവൈവർ ത്രില്ലർ ഗണത്തിലേക്ക് കടന്നുവരുന്ന ചിത്രത്തിലെ തന്റെ കഥാപാത്രം പതിവ് നായക കഥാപാത്രങ്ങളെ പോലെ സർവ്വ സൽഗുണങ്ങളും തികഞ്ഞ ആളല്ലെന്നും സാധാരണ മനുഷ്യരുടേതായ കുഴപ്പങ്ങളും ബലഹീനതകളും ഉൾക്കൊള്ളുന്നയാളാണെന്നും നടൻ പറയുന്നു. സമകാലീന സമൂഹത്തിൽ വളരെ പ്രസക്തമായ പല വിഷയങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ജോ എന്ന തന്റെ കഥാപാത്രത്തിന് നന്മയും അതുപോലെ തിന്മയും ഒരേപോലെ ഉണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
എന്തായാലും സിക്കാഡയുടെ ട്രെയിലർ ഇതിനോടകം സകല സാമൂഹ്യ മാധ്യമ ഫ്ലാറ്റ്ഫോമുകളും തൂക്കിയിട്ടുണ്ട്. നേരും മിഥ്യയും തിരിച്ചറിയാൻ കഴിയാത്ത അടിമുടി ദുരൂഹതകൾ നിറഞ്ഞ ട്രെയിലറിലെ ചുരുളുകൾ ഓഗസ്റ്റ് 9ന് തിയേറ്റർ നിറക്കുമെന്നുറപ്പ്.മലയാളം, തമിഴ്, കന്നഡ, തെലുങ്കു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. 4 ഭാഷകളിലും ഒന്നിനോടൊന്ന് ഈണങ്ങളും വരികളും വ്യത്യസ്തപ്പെട്ട 24 പാട്ടുകളുമായാണ് ചിത്രം പുറത്തിറങ്ങുക. സംവിധായകൻ ശ്രീജിത്ത് തന്നെയാണ് 4 ഭാഷകളിലേയും പാട്ടുകളും ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.
തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്. ഗോൾ, ജനകൻ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ നടന്‍ രജിത് പത്തുവര്‍ഷത്തിനുശേഷം പുതിയ ഗെറ്റപ്പില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2018, തലൈനഗരം 2, ലൂസിഫർ,കടുവ ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയില്‍ സ്വഭാവവേഷങ്ങളിലൂടെ തിളങ്ങുന്ന ജെയ്സ് ജോസ് പള്ളിപ്പാടനും ചിത്രത്തിൽ കരുത്തുറ്റ വേഷത്തിലുണ്ട്. ഗായത്രി മയൂരയാണ് നായിക. മറ്റു പ്രമുഖതാരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ബാംഗ്ലൂര്‍, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളാണ്.
നവീന്‍ രാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഷൈജിത്ത് കുമരന്‍. ഗാനരചന– വിവേക് മുഴക്കുന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി. ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റര്‍– സുജിത് സുരേന്ദ്രന്‍. ശബ്ദമിശ്രണം– ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, പിആര്‍ഒ– എ.എസ്. ദിനേശ്, പ്രമോഷൻ& മാർക്കറ്റിംങ് –മൂവി ഗാങ്, കലാസംവിധാനം –ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം–ജെസിയ ജോര്‍ജ്, നൃത്തസംവിധാനം–റ്റീഷ്യ , മേക്കപ്പ് ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍. ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ. സ്റ്റില്‍സ്– അലന്‍ മിഥുന്‍, പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്