Spread the love

പതിവ് സിനിമ പേരുകളിൽ നിന്നുള്ള വ്യത്യാസവും പേരിലെ അപരിചിതത്വവും കൊണ്ട് മലയാള സിനിമാ പ്രേക്ഷകർ അടുത്തിടെ നോട്ടീസ് ചെയ്ത ഒരു ചിത്രമാണ് ‘സിക്കാഡ’. ‘താരം പതിപ്പിച്ച കൂടാരം’, ‘നെഞ്ചോടു ചേർത്ത് പാട്ടൊന്നു പാടാം’, ‘കാതൽ കവിയെ’ തുടങ്ങിയ പാട്ടുകളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ ശ്രീജിത്ത്‌ ഇടവനയുടെ സിനിമാ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം.

സിക്കാഡ എന്ന വാക്ക് മലയാളികൾക്ക് അത്ര പരിചിതമല്ല. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ പ്രമോകളും ഗാനങ്ങളും വൈറൽ ആയതോടുകൂടി ഇതെന്താണീ സിക്കാഡ എന്ന് തിരയുകയാണ് മലയാളികൾ.

സിക്കാഡ എന്നാൽ 17 വർഷത്തിൽ ഒരിക്കൽ കൂട്ടത്തോടെ ജനിക്കുന്ന വടക്കേ അമേരിക്കയിലെ ഒരിനം പ്രാണിയാണ്. പുറത്തുവരുന്നതുവരെ വർഷങ്ങളോളം ഭൂമിക്കടിയിൽ നിംഫ്സ് എന്ന് വിളിക്കുന്ന പ്യൂപ്പകളുടെ രൂപത്തിൽ ഇവ കഴിയുന്നു. മണ്ണിനടിയിൽ മരത്തിന്റെ വേരുകളിൽ ഇവ പറ്റിപ്പിടിച്ചിരിക്കും. വേരുകളിലൂടെ മരത്തിന്റെ കറകൾ വലിച്ചെടുത്ത് ഭക്ഷണമാക്കുന്നതാണ് ഇവയുടെ രീതി. 2020 ലാണ് ഏറ്റവും ഒടുവിലായി ഇവയുടെ ജനനം രേഖപ്പെടുത്തിയത്. കട്ടിയുള്ള പുറംതോട് കളഞ്ഞ് ഇണകളെ ആകർഷിക്കാൻ ശബ്ദമുണ്ടാക്കും. പ്രജനനം പൂർത്തിയായാൽ ആഴ്ചകൾക്കുള്ളിൽ കൂട്ടത്തോടെ ചത്ത് വീഴുമെന്നുമാണ് ഇവയെ പറ്റി ഇന്റർനെറ്റിൽ നിന്നും മറ്റും മനസ്സിലാക്കാൻ സാധിക്കുന്നത്.

അതേസമയം ‘സിക്കാഡയെന്നാൽ ഒരിനം ചീവീടല്ലേ! ഇനി ചീവീടെങ്ങാനുമാണോ ചിത്രത്തിലെ നായകൻ’ എന്നു ചോദിക്കുന്ന രസികൻമാരും സോഷ്യൽ മീഡിയയിലുണ്ട്. മറ്റുചിലരാകട്ടെ പോസ്റ്ററുകളിൽ നിന്നും മറ്റും ചിത്രം കാട്ടിനുള്ളിൽ നടക്കുന്ന ഒരു സർവൈവൽ ത്രില്ലർ ആണെന്ന് മനസ്സിലാക്കി, ചിത്രത്തിൽ സിക്കാഡ എന്ന കുഞ്ഞു ജീവിക്ക് എന്തെങ്കിലും കഥാപ്രധാന്യം കാണും എന്ന് മുൻകൂട്ടി പ്രവചിക്കുന്നുമുണ്ട്.

എന്തായാലും സോഷ്യൽ മീഡിയയിൽ സിനിമയെ സംബന്ധിച്ചുള്ള ചർച്ചകൾ പൊടിപൊടിക്കുമ്പോഴും അണിയറക്കാർ ഒന്നും വിട്ടു പറയുന്നമട്ടില്ല. എന്തായാലും ചിത്രം ആഗസ്റ്റ് 9ന് റിലീസ് ആവുകയാണ്. സിക്കാഡ എന്താണെന്നും എങ്ങനെയിരിക്കുമെന്നും കണ്ടറിയാം!

മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് ചിത്രം ആഗസ്റ്റ് 9ന് തിയറ്ററുകളിലെത്തുക. തീര്‍ണ ഫിലിംസ് ആന്റ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് നടൻ രജിത് പത്തു വര്‍ഷങ്ങൾക്കു ശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകയും കൂടിയുണ്ട്. ഗായത്രി മയൂരയാണ് നായിക.

നവീന്‍ രാജ് ഛായാഗ്രഹണം ആണ് നിര്‍വഹിക്കുന്നത്. എഡിറ്റിംങ്: ഷൈജിത്ത് കുമരൻ, ഗാനരചന: വിവേക് മുഴക്കുന്ന്, നവീൻ കണ്ണൻ, രവിതേജ തുടങ്ങിയവരാണ് നിർവഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി, കലാസംവിധാനം ഉണ്ണി എല്‍ദോ, ഓഡിയോഗ്രാഫി ആഡ് ലിന്‍ (എസ്. എ സ്റ്റുഡിയോ),ശബ്ദമിശ്രണം ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോഎസ്.എ. സ്റ്റുഡിയോ, പിആർഒ എ.എസ് ദിനേശൻ, കളറിസ്റ്റ് സെൽവിൻ വർഗീസ്, വിഎഫ്എക്സ് സൂപ്പർവൈസർ അമൽ ഗണേഷ്, ഷൈമോൻ. പ്രമോഷൻ ആൻഡ് മാർക്കറ്റിംഗ്: മൂവി ഗ്യാങ്. സൗണ്ട് എഡിറ്റിങ് : സുജിത് സുരേന്ദ്രന്‍. ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍,പ്രവീണ്‍ രവീന്ദ്രന്‍ എന്നിവരാണ് കോപ്രൊഡ്യൂസഴ്‌സ്. എസ്.എഫ്.എക്സ്: ടി.പി പുരുഷോത്തമൻ, പോസ്റ്റർ:മഡ്ഹൗസ്. ലൈൻ പ്രൊഡ്യൂസേഴ്സ്: ദീപക് വേണുഗോപാൽ അനീഷ് അട്ടപ്പാടി പ്രജിത് നമ്പ്യാർ തുടങ്ങിയവരാണ്.

Leave a Reply