മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തലപ്പത്തുനിന്നുമുള്ള മോഹൻലാലിൻറെ പിന്മാറ്റവും വരാനിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പും ആരോപണ വിധേയരുടെ പിന്മാറ്റവും താരങ്ങളുടെ പരസ്യ പ്രതികരണങ്ങളുമെല്ലാമാണ് പുതിയ സിനിമാ വാർത്തകൾ. മാധ്യമങ്ങളിൽ പരസ്യമായെത്തി പരസ്പരമുള്ള ആരോപണ പ്രത്യാരോപങ്ങളും നടത്തുന്ന ഇഷ്ട താരങ്ങൾ തൊട്ട് പരസ്പരം അയച്ച ഓഡിയോ ക്ലിപ്പുകൾ വരെ പുറത്തുവിടുന്ന തെരെഞ്ഞെടുപ്പ് തന്ത്രങ്ങൾ വരെ പരീക്ഷിക്കുന്ന താരങ്ങളെ വരെ മലയാളികൾ കണ്ടു.
അമ്മ സംഘടനയിൽ മുൻപ് ആരോപണ വിധേയരായ പല താരങ്ങളും തെരഞ്ഞെടുപ്പുകളിൽ നിന്നും ഭാരവാഹിത്വത്തിൽ നിന്നുമെല്ലാം മാറിനിന്ന സാഹചര്യത്തിൽ നടൻ ബാബുരാജ് മത്സരിക്കുന്നത് മോശം പ്രവണതയാണെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന താരങ്ങൾ അടക്കം രംഗത്തെത്തിയിരുന്നു. പിന്നാലെ തെരഞ്ഞെടുപ്പിൽ മാത്രമല്ല അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്നും താൻ എന്നെന്നേക്കുമായി പിന്മാറുകയാണ് എന്ന തരത്തിൽ ബാബുരാജ് പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിൽ മലയാളികളെ വളരെയധികം കുഴപ്പിച്ച ഒരു പ്രസ്താവന ആയിരുന്നു സരിത എസ് നായരുടേത്. തന്റെ ചികിത്സാസഹായത്തിനായി മോഹൻലാൽ തനിക്ക് നൽകിയ തുക ബാബുരാജ് സ്വന്തം ലോൺ അടക്കാനായി ഉപയോഗിച്ചു എന്നും നടന് വിദേശരാജ്യങ്ങളിൽ പോലും കേസുകൾ ഉണ്ട് എന്നുമായിരുന്നു സരിത ആരോപിച്ചത്.
അതേസമയം ബാബുരാജിനെതിരെ സരിത ആരോപിച്ച ഗുരുതര ആരോപണങ്ങൾക്കപ്പുറം മലയാളികളെ വല്ലാതെ കുഴപ്പത്തിലാക്കിയ കാര്യം സരിതയ്ക്ക് എന്തിന് മോഹൻലാൽ ഇത്രയും വലിയ തുക നൽകി എന്നും അങ്ങനെ നൽകിയെങ്കിൽ അവർ തമ്മിലുള്ള ബന്ധം എന്ത് എന്നുള്ളതും ആയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേഷും.
‘അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്നുപറഞ്ഞാണ് സരിത പരാതിയുമായെത്തിയത്. ദുബായ് കേന്ദ്രീകരിച്ച് പോലും ബാബുരാജ് സാമ്പത്തിക തട്ടിപ്പുകൾ നടത്തിയെന്ന് സരിത വച്ചുകാച്ചി. അവരിതൊക്കെ പറയുമ്പോൾ നമുക്ക് വേണമെങ്കിൽ കുറേ ചോദ്യങ്ങൾ ചോദിക്കാം. ചികിത്സാ ചെലവിന് പണം കൊടുക്കത്തക്ക ബന്ധം സരിതയുമായി മോഹൻലാലിനുണ്ടോ? ഉണ്ടെങ്കിൽത്തന്നെ ഇത്രയും വലിയ തുകയൊക്കെ മറ്റൊരാളിന്റെ കയ്യിൽ കൊടുത്തുവിടുമോ? ബാബുരാജ് കെഎഫ്‌സിയിൽ ലോണെടുത്തതിന്റെയും അടച്ചതിന്റെയും പേപ്പർ എങ്ങനെ മറ്റൊരാൾക്ക് കിട്ടും? ഇക്കാര്യത്തിൽ മോഹൻലാലോ ബാബുരാജോ പ്രതികരിക്കുന്നതും ഇല്ല ‘ – ശാന്തിവിള ദിനേശ് പറഞ്ഞു.







