കോവിഡ് രോഗം പിടിപെടുന്നവരിൽ പത്തു ദിവസം കഴിഞ്ഞാൽ കോവിഡ് നെഗറ്റീവ് ആകും. പക്ഷെ അവർക്ക് കോവിഡിന് ശേഷമുള്ള ചുമ, മൂക്കടപ്പ്, തൊണ്ടയിൽ ഇറിറ്റേഷൻ, മണവും രുചിയും അറിയാനുള്ള ബുദ്ധിമുട്ട്, തലവേദന, തലകറക്കം, ഉറക്കമില്ലായ്മ, അമിത ക്ഷീണം, ശരീരം വേദന, ദഹനക്കേട്, ഗ്യാസ് ശല്യം, നെഞ്ചിൽ ഭാരം തുടങ്ങിയ അനേകം ബുദ്ധിമുട്ടുകൾ കണ്ടുവെന്ന് വരാം..
കോവിഡ് രോഗം കഴിഞ്ഞു എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നമ്മൾ ഉടൻ ചെയ്യുന്നത് ഈ ബുദ്ധിമുട്ടുകൾക്ക് തുടർച്ചയായി മരുന്നുകൾ കഴിക്കുകയോ അല്ലെങ്കിൽ പരസ്യത്തിൽ കാണുന്ന മരുന്നുകളും ഒറ്റമൂലികളും സുഹൃത്തുക്കൾ പറയുന്ന വിലകൂടിയ ദിവ്യ ഔഷധങ്ങളുടെ പുറകെ പോകുകയോ ചെയ്യും. എന്നാൽ നിങ്ങൾക്ക് ക്ഷീണവും മറ്റു ബുദ്ധിമുട്ടുകളും മാറുകയും ഇല്ല.. ഇത് കോവിഡ് രോഗം വന്നു മാറിയ ഒരുപാടുപേർക്ക് വളരെ സാധാരണയായി കണ്ടുവരുന്ന പ്രശ്നങ്ങളാണ്.
എന്നാൽ മനസ്സിലാക്കുക.. കോവിഡ് രോഗം എന്നത് ശരീരത്തെ ബാധിക്കുന്ന ഒരു കടുത്ത വൈറൽ ഇൻഫെക്ഷനാണ്.. ഈ രോഗം ശരീരത്തിന് പ്രത്യേകിച്ച് നമ്മുടെ ആന്തരികാവയവങ്ങൾക്ക് ഏൽപ്പിക്കുന്ന ആഘാതത്തിൽ നിന്നും ശരീരത്തിന് കരകയറാൻ ഏറ്റവും പ്രധാനമായും വേണ്ടത് ” സമയമാണ്” . കോവിഡിന്റെ ആഘാതങ്ങൾ മാറാൻ നെഗറ്റീവ് ആയ ശേഷം മുപ്പത് ദിവസം മുതൽ 60 ദിവസം വരെ സമയമെടുത്തു എന്ന് വരാം. ഇത് മനസ്സിലാക്കി മനസ്സിനെ ശാന്തമാക്കി ശരീരത്തിന് വിശ്രമവും വേണ്ട പോഷകാഹാരങ്ങളും ആവശ്യത്തിന് ഉറക്കവും ലഭിച്ചാൽ നമ്മൾ ക്രമേണ നോർമലാകും.
ശരീരത്തിന് എന്തെങ്കിലും കടുത്ത ആരോഗ്യ പ്രശ്നം ഉണ്ടായാൽ മാത്രം അതിന് നിങ്ങളുടെ വിശ്വസ്‌തനായ ഡോക്ടറുടെ നിർദ്ദേശം തേടുകയും മരുന്നുകൾ കഴിക്കുകയും ചെയ്യുക..