തിരുവനന്തപുരം∙ കൃഷിമന്ത്രിയുൾപ്പെടെയുള്ളവർ പങ്കെടുത്ത കളമശേരിയിലെ കാർഷികമേളയുടെ വേദിയിൽ നെൽകർഷകരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ നടൻ ജയസൂര്യയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ജയസൂര്യ പറഞ്ഞതിൽ എന്താണ് തെറ്റെന്ന് സുധാകരൻ ചോദിച്ചു. ജയസൂര്യ പറഞ്ഞതുകൊണ്ടു മാത്രം അതു തെറ്റാകുമോ? ജയസൂര്യയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം അംഗീകരിക്കാനാകില്ലെന്നും ഗുണ്ടാ രാഷ്ട്രീയമാണ് ഇടതുപക്ഷം നടത്തുന്നതെന്നും സുധാകരൻ പറഞ്ഞു.‘രണ്ടര മാസം കഴിഞ്ഞാണ് കൃഷ്ണ പ്രസാദിനു പണം കൊടുക്കുന്നത്, അതും ബാങ്ക് വായ്പയായിട്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജയസൂര്യ പറഞ്ഞതിൽ എന്താണ് തെറ്റ്. ജയസൂര്യ പറഞ്ഞതുകൊണ്ട് തെറ്റാകുമോ? ജയസൂര്യ പറഞ്ഞത് വസ്തുനിഷ്ഠമായ കാര്യമാണ്. അദ്ദേഹത്തിന് രാഷ്ട്രീയമൊന്നും ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹം രാഷ്ട്രീയത്തിലല്ല അക്കാര്യങ്ങൾ പറഞ്ഞതും.’
‘‘അദ്ദേഹത്തിനെതിരായി രണ്ടു മൂന്നു ദിവസമായി സൈബർ പോരാളികൾ നടത്തുന്ന യുദ്ധം പറഞ്ഞാൽ മനസ്സു വേദനിക്കും. ഒരു യാഥാർഥ്യം വിളിച്ചു പറഞ്ഞാൽ അയാളെ ക്രൂശിക്കുക, ആക്ഷേപിക്കുക, അടിച്ചിരുത്തുക എന്നൊരു നയമുണ്ടല്ലോ. അത് ഗുണ്ടാ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ മുഖമുദ്രയാണ്. ഇവിടെ ഇടതുപക്ഷ സർക്കാരും പിണറായി വിജയനും അതാണ് നടത്തിക്കൊണ്ടിരിക്കുന്നത്.’‘‘മാർക്സിസ്റ്റ് പാർട്ടിയുടെ ആളുകൾ ഇരിക്കുന്ന യോഗത്തിലല്ലേ അദ്ദേഹം പറഞ്ഞത്. എന്തിനാണ് അവരുടെ മുന്നിൽ പറഞ്ഞത്? അവർ അത് മനസ്സിലാക്കാനല്ലേ? അവര് ഉൾക്കൊള്ളാനല്ലേ? ഉൾക്കൊണ്ടു തിരുത്തേണ്ടവരല്ലേ അവർ. തിരുത്തുന്നതിനു പകരം അവർ വിമർശനവും കൊണ്ടു മുന്നോട്ടു പോകുകയല്ലല്ലോ ചെയ്യേണ്ടത്. അതുകൊണ്ട് ജയസൂര്യ ചെയ്ത പ്രവൃത്തിയെക്കുറിച്ച് ഒരു ആക്ഷേപം ഉന്നയിക്കുന്നത് ശരിയല്ല. സൈബർ ആക്രമണം അവസാനിപ്പിക്കണം.’ – സുധാകരൻ ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ കോടികൾ താങ്ങുവില നൽകാനുണ്ടോ എന്ന ചോദ്യത്തിന്, അത്രയുമൊന്നുമില്ലെന്നായിരുന്നു സുധാകരന്റെ മറുപടി. ‘‘അത് കള്ളത്തരമാണ്. ഈ നെല്ല് കുത്തി അരിയാക്കി കടയിലെത്തിച്ച് വിതരണം ചെയ്തതിനു ശേഷമുള്ള കണക്കു കൊടുക്കുമ്പോൾ മാത്രമാണ് കേന്ദ്ര സർക്കാരിന്റെ പൈസ ഈ സർക്കാരിന് കിട്ടുക. അത് അതിനു കണക്കാക്കി കിട്ടിയിട്ടുണ്ട്. ഇവിടെ കൊടുത്തതിന്റെ കണക്ക് അനുസരിച്ച് ഇവിടെ പൈസ കിട്ടിയിട്ടുണ്ട്. ഇത്രയും കാര്യങ്ങൾ പൂർത്തിയായതിനു ശേഷമാണ് കേന്ദ്ര സർക്കാർ പണം കൊടുക്കേണ്ടത്. അതുകൊണ്ട് കേന്ദ്ര സർക്കാരിനെ ഇക്കാര്യത്തിൽ കുറ്റംപറയുന്നതിൽ ഒരു കാര്യവുമില്ല.’
കലാ സാംസ്കാരിക രംഗത്തുള്ളവർ പൊതു കാര്യങ്ങളിൽ ഇടപെടേണ്ട എന്ന മുന്നറിയിപ്പാണ് സിപിഎം കൊടുക്കുന്നതെന്നും സുധാകരൻ പറഞ്ഞു. എന്നാൽ ഈ രാജ്യത്തെ ആർക്കും രാജ്യത്തെ സംവിധാനങ്ങളെ കുറിച്ചും ഭരണസംവിധാനത്തിന്റെ പോരായ്മകളെ കുറിച്ചും പ്രതികരിക്കാനും വിമർശിക്കാനും അവകാശമുണ്ട്. അത് ഓരോ പൗരന്റെയും മൗലികാവകാശമാണ്. അത് നിഷേധിക്കുന്നത് പിണറായി അല്ല പത്തു പിണറായി വന്നാലും കേരളത്തിൽ നടപ്പാകില്ല എന്നും സുധാകരൻ പറഞ്ഞു.