യുവതലമുറയുടെ പ്രിയപ്പെട്ട വസ്ത്രമാണ് ജീന്‍സ്. കാഷ്വല്‍ ആയോ സെമി ഫോര്‍മല്‍ ആയോ ഉപയോഗിക്കാം എന്നത് തന്നെയാണ് ജീൻസിനെ ഇത്രയേറെ ജനപ്രിയമാക്കുന്നത്. നല്ല വില കൊടുത്ത് വാങ്ങുന്ന ജീന്‍സ് അധികം താമസിയാതെ തന്നെ നരയ്ക്കുകയോ അല്ലെങ്കില്‍ അതിന്റെ പുതുമ നഷ്ടപ്പെടുകയോ ചെയ്യുന്നത് ഖേദകരമാണ്. എന്നാൽ, ഇഷ്ടപ്പെട്ട ജീൻസ് കേടുപാടുകളില്ലാതെ കാലാകാലം നിലനിർത്താനാകും. അതിന് ചില പൊടിക്കൈകൾ പരീക്ഷിച്ചാൽ നന്നാകും.
ജീൻസ് വളരെ കട്ടിയുള്ള ഒരു വസ്ത്രമാണ്. ഒന്നിലധികം തവണ ഉപയോഗിച്ച ശേഷം മാത്രം ഇവ കഴുകിയാൽ മതിയാകും. അമിതമായി കഴുകുന്നത് ഇവയുടെ നിറം മങ്ങാൻ കാരണമാകും. എന്നാൽ നാലുമുതൽ ആറുതവണ വരെ ഉപയോഗിച്ച ശേഷം ജീൻസ് കഴുകണം. ഓരോ തവണ ഉപയോഗിച്ച ശേഷവും കറകൾ ഉള്ള ഭാഗം മാത്രം കഴുകി ഉണക്കിയും ഇവയുടെ പുതുമ നിലനിർത്താം. ഇനി ജീൻസ് കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ജീന്‍സ് അലക്കുമ്പോള്‍ പുറം തിരിച്ച് അലക്കുന്നതാണ് നല്ലത്. കാരണം പുറം തിരിക്കാതെയാണ് കഴുകുന്നതെങ്കില്‍ പുറമെയുള്ള ഭാഗത്തിന്റെ മാര്‍ദവം നഷ്ടമായി വേഗത്തിൽ ജീൻസ് നാശമാകും. പുറം തിരിച്ച് അലക്കുന്നതിലൂടെ പുറമെയുള്ള ഭാഗത്തിന്റെ മാര്‍ദവം നഷ്ടമാകുമെങ്കിലും ഇത് ജീൻസിനെ പരുക്കനാക്കി മാറ്റുന്നത് ഇല്ലാതാക്കും.ജീൻസ് വേഗത്തില്‍ ഉണങ്ങിക്കിട്ടാനായി പലരും കനത്ത വെയിലിലാണ് ഉണക്കാനിടുന്നത്. എന്നാല്‍ ഇങ്ങനെ ഒരിക്കലും ചെയ്യരുത്. ജീന്‍സ് അലക്കി, ഉണക്കാനിടുമ്പോള്‍ വെയില്‍ ഒഴിവാക്കി ഉണക്കാനിടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അമിത വെയിലേല്‍ക്കുമ്പോള്‍ ജീന്‍സിന്റെ കളർ വേഗത്തിൽ മങ്ങും. ജീന്‍സ് ഉണക്കാന്‍ ഡ്രൈയര്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അത് ജീന്‍സിന്റെ പുതുമ വേഗത്തില്‍ നശിപ്പിച്ചേക്കും. ജീന്‍ഡ് ഡ്രൈയറില്‍ ഉണക്കുന്നതിന് പകരം വെയില്‍ കുറഞ്ഞയിടത്ത് അയയിലിട്ട് ഉണക്കിയെടുക്കുന്നതായിരിക്കും ഗുണം ചെയ്യുക.