അമ്മയുടെ തലപ്പത്ത് നിന്ന് മോഹൻലാൽ സ്ഥാനം ഒഴിഞ്ഞത് മുതൽ ചരിത്രത്തിലാദ്യമായി ഇന്നലെ സംഘടനയുടെ അമരത്തേക്ക് ഒരു വനിത ചാർജെടുത്തത് വരെയുള്ള സംഭവ വികാസങ്ങൾ അതി നാടകീയവും സിനിമകളെ പോലും കടത്തിവെട്ടുന്നതും ആയിരുന്നു. വിവിധ താരങ്ങൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് മുതൽ പരസ്പരം ചെളി വാരി എറിയലുകളും ആരോമണ പ്രത്യാരോപണങ്ങളുമെല്ലാം സജീവമായിരുന്നു. ഫെയ്സ്ബുക്ക് കുറിപ്പുകളും സ്വകാര്യ ഓഡിയോകൾ പുറത്തു വിടലുകളും തുടങ്ങി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ച ശ്വേതാ മേനോനെതിരെ വന്ന കേസ് വരെ തെരഞ്ഞെടുപ്പ് തന്ത്രമാണോ എന്ന് സംശയം ഉയർന്നിരുന്നു. ശ്വേതാ മേനോനെ തകർക്കാൻ നടൻ ബാബുരാജിന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചന ആണ് കേസെന്ന് സിനിമാരംഗത്തുള്ളവർ തന്നെ സംശയം ഉന്നയിച്ചിരുന്നു.
ശ്വേതാ മേനോൻ അഭിനയിച്ച ചില സിനിമകളും ഒപ്പം ഒരു ഗർഭനിരോധന ഉറയുടെ പരസ്യവും ചൂണ്ടിക്കാട്ടി അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പേരിലായിരുന്നു കേസ്. നാമനിർദ്ദേശപത്രിക സമർപ്പിച്ചതിനു പിന്നാലെ ഉയർന്ന കേസ് സിനിമയിലെ പല പ്രമുഖരെയും സംശയത്തിന്റെ നിഴലിലാഴ്ത്തിയിരുന്നു. എന്നാൽ സിനിമാ രംഗത്തെ മറ്റു പലരും ശ്വേതയ്ക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആ ദിവസങ്ങളിൽ ഞാൻ പൂർണമായും ശൂന്യമായ ഒരവസ്ഥയിലായിരുന്നുവെന്നും ഒരു മനുഷ്യനോടും ചെയ്യാൻപാടില്ലാത്തതാണ് തന്നോട് ചെയ്തതെന്നും പറയുകയാണ് നടിയിപ്പോൾ.
“ആ ദിവസങ്ങളിൽ ഞാൻ പൂർണമായും ശൂന്യമായ ഒരവസ്ഥയിലായിരുന്നു. ആ നേരത്ത് ഞാൻ ഓർത്തതു മുഴുവൻ എന്റെ മകളെയാണ്. സിനിമയിൽ ഇത്രകാലം പ്രവർത്തിച്ചിട്ട് ഒടുവിൽ ഇത്രയും മോശം കാര്യം പറഞ്ഞ് എനിക്കെതിരേ ഒരാൾ കേസുകൊടുത്തതെന്തിനാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. ഒരു സ്ത്രീയ്ക്കും ഇങ്ങനെയൊരു അവസ്ഥവരാൻ പാടില്ല.”ശ്വേതാ പറയുന്നു,
വേദനയും സങ്കടവുംകൊണ്ട് പൂർണമായും തകർന്നുപോയി. ഒരു സ്ത്രീയെന്നനിലയിലും മനുഷ്യനെന്നനിലയിലും ആരോടും ചെയ്യാൻപാടില്ലാത്ത കാര്യമാണ് അവർ എന്നോട് ചെയ്തത്. എന്നിട്ടും പിന്മാറണമെന്ന് ചിന്തിച്ചില്ല. നാമനിർദേശപത്രിക നൽകേണ്ട അവസാനദിനത്തിൽ സമയം തീരുന്നതിന് ഏഴു മിനിറ്റുമുൻപാണ് പത്രികനൽകിയതെന്നും ശ്വേതാപറയുന്നു.







