മുൻപൊക്കെ ചില പടങ്ങൾ ആളുകൾ തിയറ്ററുകളിൽ എത്തുന്നതും കാത്തിരിക്കുമായിരുന്നു. അങ്ങനെയൊരു കീഴ്വഴക്കമായിരുന്നു കുറെ കാലം വരെ. എന്നാൽ കാലം മാറി. തിയറ്ററുകൾ മാത്രം ആശ്രയിച്ചു സിനിമകൾ പുറത്തിറങ്ങുന്ന സാഹചര്യങ്ങൾ കോവിഡ് കാലം അടിമുടി മാറ്റിയെഴുതി. വമ്പൻ ചിത്രങ്ങൾ പോലും ഒടിടിയിലൂടെ നേരിട്ട് റിലീസ് ആകുന്ന കാഴ്ചകളും നമ്മൾ കണ്ടതാണ്. തിയറ്റർ റിലീസ് ആയ ചിത്രങ്ങളെല്ലാം തന്നെ 30 മുതൽ 45 ദിവസത്തിനുള്ളിൽ ഒടിടിയിൽ പ്രത്യക്ഷപ്പെടുന്നതാണ്പുതിയ രീതി.
ഇത്തരത്തിൽ ഈയടുത്ത് ഇറങ്ങിയ മിക്ക പടങ്ങളും വിവിധ ഒടിടി പ്ലാറ്റുഫോമുകളിൽ ഇപ്പോൾ സജീവമായി ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ തിയേറ്റർ റിലീസായിട്ടും ഒടിടി പ്ലാറ്റ്ഫോമിലെത്താതെ പോകുന്ന ചില സിനിമകളും മലയാളത്തിൽ സംഭവിക്കുന്നുണ്ട്. എന്നാൽ അത്തരം സിനിമകളിൽ അധികവും ജനപ്രിയ നായകൻ ദിലീപിൻ്റേതാണ് എന്നതാണ് ശ്രദ്ധേയമായ വിഷയം. ദിലീപിന്റേതായി ഈയടുത്ത് പുറത്തിറങ്ങിയ പവി കെയര്‍ ടെയ്ക്കര്‍, ബാന്ദ്ര, തങ്കമണി എന്നീ ചിത്രങ്ങളൊന്നും തന്നെ ഇതുവരെ ഒരു ഒടിടി പ്ലാറ്റുഫോമുകളിലും സ്ക്രീൻ ചെയ്തിട്ടില്ല.
ഉദയകൃഷ്ണൻ്റെ തിരക്കഥയിൽ അരുൺ ഗോപി സംവിധാനം ചെയ്ത സിനിമയാണ് ‘ബാന്ദ്ര’. ചിത്രത്തിൽ ദിലീപ്, തമന്ന ഭാട്ടിയ, മംമ്ത മോഹൻദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. കേരളത്തിലെ ഏറ്റവും ക്രൂരമായ സംഭവങ്ങളിലൊന്നായ തങ്കമണി വെടിവെപ്പിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് രതീഷ് രഘുനന്ദന്റെ ‘തങ്കമണി. ‘സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വിനീത് കുമാർ സംവിധാനം ചെയ്ത സിനിമയാണ് പവി കെയർ ടേക്കർ. 2024 ഏപ്രിൽ 26 നാണ് ഈ സിനിമ റിലീസായത്. ഒരു കംപ്ലീറ്റ് എൻറ്റർടെയ്നർ എന്ന നിലയിൽ ഇറങ്ങിയ സിനിമ ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിങ്ങനെ അഞ്ചു നായികമാരെയാണ് അവതരിപ്പിച്ചത്. ഗ്രാൻഡ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ദിലീപാണ് ഈ ചിത്രം നിർമിച്ചത്.