ഇനി വാട്സ്ആപ് ഒരേസമയം അഞ്ച് ഉപകരണങ്ങളിൽ ഉപയോഗിക്കാം
ന്യൂഡൽഹി:സ്വകാര്യത നയം പുതുക്കൽ വിവാദങ്ങൾക്കിടെ വർഷങ്ങളായി കാത്തിരുന്ന പുതിയ പരിഷ്കരണവുമായി വാട്സ്ആപ്. ഇതുവരെ ഇൻറർനെറ്റ് കണക്ഷനുള്ള ഫോണിന്റെ പിന്തുണയോടെ മാത്രമാണ് ലാപ്ടോപ്പിലോ കമ്പ്യൂട്ടറിലോ വാട്സ്ആപ് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നത്. ഫോണിലും കമ്പ്യൂട്ടറിലും ഇൻറർനെറ്റ് കണക്ഷൻ ഓണായിരിക്കുകയും ഫോൺ അടുത്തുണ്ടാവുകയും വേണമായിരുന്നു. ഇനി ഫോണിൽ ഇൻറർനെറ്റ് കണക്ഷൻ ഓണല്ലെങ്കിലും കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ വാട്സ്ആപ് ഉപയോഗിക്കാം. ഒരേസമയം സ്മാർട്ട് ഫോൺ കൂടാതെ ടാബ്, ലാപ്ടോപ്, പി.സി തുടങ്ങി നാല് ഉപകരണങ്ങളിൽ കൂടി വാട്സ്ആപ് ഉപയോഗിക്കാവുന്ന മൾട്ടി ഡിവൈസ് പിന്തുണയാണ് കൊണ്ടുവന്നത്.
വാട്സ്ആപ്പിന്റെ പരീക്ഷണ പദ്ധതിയിൽ ഭാഗമായ ഉപയോക്താക്കൾക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ ഈ സൗകര്യം ലഭിക്കുക. എന്നാൽ മറ്റൊരു സ്മാർട്ട്ഫോണിൽ കൂടി ഈ സൗകര്യം ലഭിക്കില്ല. നിലവിൽ ഒരു അക്കൗണ്ടിന് ഒരു ഫോൺ മാത്രമെ പിന്തുണക്കൂ. ഭാവിയിൽ ഈ സൗകര്യംകൂടി ഉൾപ്പെടുത്താനാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിന്റെ പദ്ധതി.