സൂര്യനെല്ലി പെണ്‍വാണിഭക്കേയസിനെ ആസ്പദമാക്കി 2006ല്‍ സംവിധായകൻ ലാൽ ജോസ് സലീംകുമാര്‍, പൃഥ്വിരാജ്, മുരളി, മുക്ത ജോര്‍ജ്ജ് എന്നിവരേ അണിനിരത്തി വെള്ളിത്തിരയിൽ എത്തിച്ച ചിത്രമാണ് അച്ഛനുറങ്ങാത്ത വീട്. ഒട്ടേറെ അംഗീകാരങ്ങളും നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ചിത്രത്തിന്റെ ഷൂട്ട് പക്ഷേ അത്ര എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് സംവിധായകൻ ലാൽ ജോസ്. ചിത്രീകരണ സമയത്ത് വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഈ സമയത്ത് നടൻ പൃഥ്വിരാജും മൺമറഞ്ഞ അതുല്യ പ്രതിഭ മുരളിയും തന്നോട് പെരുമാറിയവിധം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും ലാൽ ജോസ് പറയുന്നു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ അനുഭവം പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പീരുമേട് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നതെന്നും ചിത്രം ആരംഭിച്ച മൂന്ന് ദിവസം കഴിഞ്ഞപ്പോൾ തന്നെ സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടു തുടങ്ങിയെന്നും ലാൽ ജോസ് പറയുന്നു. നാലാം ദിവസം വീട്ടിൽ പോയിട്ട് വരാം എന്ന് പറഞ്ഞ് നിർമാതാവ് തിരിച്ചുവന്നില്ലെന്നും പിന്നീട് തന്റെ സ്വന്തം അക്കൗണ്ടിലെ പണം വെച്ചാണ് സിനിമ മുന്നോട്ട് നീക്കിയതെന്നും ലാർജ് വ്യക്തമാക്കുന്നു. ചിത്രത്തിനായി താൻ കിട്ടാവുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം കടം വാങ്ങിക്കുന്ന അവസ്ഥയും ഉണ്ടായെന്നും ഈ അവസ്ഥയിൽ നടൻ പൃഥ്വിരാജ് മുരളിയും തന്നോട് കാണിച്ച കരുണയും കരുതലും വലിയതായിരുന്നു എന്നുമാണ് ലാൽ ജോസ് വാചാലനായത്.
ചിത്രത്തിലെ നായകനായ സലിം കുമാറിന് ശമ്പളമായി താൻ അങ്ങോട്ടാണ് പണം നൽകേണ്ടിയിരുന്നത് എന്നും എന്നാൽ അദ്ദേഹത്തിന്റെ ഭാര്യയുടെ സ്വർണം അടക്കം ചിത്രീകരണം പൂർത്തിയാക്കാൻ തങ്ങൾ ഉപയോഗിച്ചു എന്നും ലാൽ ജോസ് പറയുന്നു. വളരെ അധികം ബുദ്ധിമുട്ടി ആണെങ്കിലും ഒരുവിധത്തിൽ ഷൂട്ടിംഗ് പൂർത്തീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുരളി എന്ന അതുല്യ പ്രതിഭയുടെ വളർച്ച വളരെ അടുത്തുനിന്ന് കണ്ടിട്ടുള്ള ആളാണ് താനെന്നും സലിംകുമാർ നായകനായ ചിത്രത്തിൽ ഒരു സപ്പോർട്ടിംഗ് റോൾ ചെയ്യാൻ അദ്ദേഹത്തെ വിളിക്കാൻ തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു എന്നും ലാൽ ജോസ് പറയുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിൽ മുരളി അവതരിപ്പിച്ച കഥാപാത്രം ചെയ്യാൻ ആദ്യഘട്ടത്തിൽ താൻ മറ്റൊരു അഭിനേതാവിനെയാണ് സമീപിച്ചതെന്നും എന്നാൽ അദ്ദേഹം ചോദിച്ച പണം തനിക്ക് നൽകാൻ കഴിയാത്ത അവസ്ഥയായിരുന്നു എന്നും ലാൽ ജോസ് പറഞ്ഞു. വളരെയധികം മടിച്ചാണെങ്കിലും താൻ മുരളിയെ സമീപിക്കുകയായിരുന്നു എന്നും യാതൊരുവിധ ഈഗോയും ഇല്ലാതെ അദ്ദേഹം വേഷം ചെയ്യാൻ സമ്മതിച്ചുവെന്നും ലാൽ ജോസ് ഓർക്കുന്നു. കൂടാതെ സലിംകുമാറിന്റെ പ്രകടനത്തെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു.
മുരളിയുടെ ഷൂട്ട് തീരുന്ന അവസാന ദിവസം കൊടുക്കാനുള്ള ഇരുപതിനായിരം രൂപയുമായി താൻ അദ്ദേഹത്തെ സമീപിച്ചു എന്നും മറ്റുള്ളവരോട് കടം പറയും പോലെ അദ്ദേഹത്തോട് കടം പറയാൻ തനിക്ക് സാധിക്കില്ലായിരുന്നു എന്നും സംവിധായകൻ പറയുന്നു. എന്നാൽ മുരളി പ്രതികരിച്ചത് മറ്റൊരു തരത്തിലായിരുന്നു.’ നീ ഈ സിനിമ പൂർത്തീകരിക്കാൻ പെടുന്ന സർക്കസ് താൻ കണ്ടിട്ടുള്ളതാണെന്നും തനിക്ക് തരാനുള്ള ഈ തുക വെച്ച് മറ്റാരെയെങ്കിലും സെറ്റ് ചെയ്യാൻ നോക്കൂ’ എന്നും തന്റെ കയ്യിൽ നിന്നും പണം വാങ്ങിയശേഷം തിരിച്ച് തന്റെ കയ്യിൽ തന്നെ തന്ന് അദ്ദേഹം പറഞ്ഞു എന്നും ലാൽ ജോസ് പറയുന്നു. അത് തനിക്ക് വലിയ ഒരു അനുഭവം ആയിരുന്നു എന്നും അത് അപൂർവമായി നടക്കുന്ന ഒന്നാണെന്നും സിനിമയിൽ അങ്ങനെ സംഭവിക്കാറില്ലെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.
അതേസമയം ചിത്രത്തിൽ ചെറിയൊരു വേഷം പൃഥ്വിരാജും അവതരിപ്പിച്ചിരുന്നു. ഡബ്ബിംഗ് സമയത്ത് ഞാന്‍ രാജുവിന് ഒരു ബ്ലാങ്ക് ചെക്ക് എഴുതി കൊണ്ടു കൊടുത്തു. ബാങ്കില്‍ ഒന്നുമില്ല. ചെക്കില്‍ എത്ര എഴുതുന്നുവോ ആ തുക അക്കൗണ്ടില്‍ ഇടണം. ഈ സിനിമയില്‍ അഭിനയിച്ചത് ലാലുവേട്ടനുള്ള എന്റെ സമ്മാനമാണ്. എനിക്ക് ഒന്നും വേണ്ട എന്ന് പൃഥ്വിരാജ് പറഞ്ഞു. ഒരു പൈസയും വാങ്ങാതെയാണ് പൃഥ്വിരാജ് ആ സിനിമയില്‍ അഭിനയിച്ചത് ലാൽ ജോസ് ഇന്നും നന്ദിയോടെ ഓർക്കുന്നു.