Spread the love

മനുഷ്യനാണോ നിര്‍മിത ബുദ്ധിയാണോ എന്നു തിരിച്ചറിയാന്‍ സാധിക്കാത്തവിധം പ്രവര്‍ത്തിക്കുന്ന റോബോകോള്‍ സര്‍വീസെത്തിയതോടെ നിര്‍മിത ബുദ്ധി പുതിയ തലങ്ങളിലേക്കെത്തുന്നുവെന്ന മുന്നറിയിപ്പ്. സാങ്കേതികവിദ്യയെക്കുറിച്ചുള്ള അറിവുള്ളവരാണെങ്കില്‍ എഐ വന്നതോടെ ജോലി പോവുമോ എന്ന ചിന്തയില്ലാത്തവരായി ആരുമുണ്ടാവില്ല. അപ്പോഴെല്ലാം മനുഷ്യന് പകരമാവില്ലല്ലോ ഒരു സാങ്കേതികവിദ്യയും എന്ന ചിന്തയില്‍ ആശ്വാസം കണ്ടെത്താനാണ് ഭൂരിഭാഗവും ശ്രമിച്ചിട്ടുണ്ടാവുക. ഈ ആശ്വാസം അധികകാലത്തേക്കുണ്ടായേക്കില്ലെന്നാണ് ഈ സർവീസ് പരീക്ഷിച്ചവരെല്ലാം പറയുന്നത്.

സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ബ്ലാന്‍ഡ് എഐ എന്ന സാങ്കേതികവിദ്യാ സ്ഥാപനം സെയില്‍സ് ആന്റ് കസ്റ്റമര്‍ സപ്പോര്‍ട്ടിനായി പ്രവര്‍ത്തിക്കുന്നതാണ്. ഇവര്‍ വികസിപ്പിച്ചെടുത്ത ഒരു ടൂളാണ് മനുഷ്യരെപോലെ സംസാരിച്ച് അമ്പരപ്പിക്കുന്നത്. ഈ കമ്പനിയുടെ ഒരു പരസ്യബോര്‍ഡിലെ ചോദ്യം ‘ഇപ്പോഴും മനുഷ്യരെ ജോലിക്കെടുക്കുന്നോ’ എന്നായിരുന്നു. ഇതിനൊപ്പം ഒരു കോണ്‍ടാക്ട് നമ്പറും നല്‍കിയിരുന്നു.

ഈ നമ്പറിലേക്ക് വിളിച്ചു നോക്കിയ അനുഭവമാണ് അലക്‌സ് കോഹെന്‍ എന്നയാള്‍ എക്‌സില്‍ വിഡിയോയായി ഇട്ടത്. ഫോണ്‍ എടുക്കുന്നത് ഒരു ബോട്ടാണ്. എന്നാല്‍ അത് മനുഷ്യനല്ലെന്ന് തിരിച്ചറിയുക എളുപ്പമല്ല. ഇടക്ക് സ്വയം ‘എഐ ഏജന്റ്’ എന്നു വിശേഷിപ്പിക്കുമ്പോള്‍ മാത്രമാണ് അതൊരു നിര്‍മിത ബുദ്ധി ടൂളാണെന്ന സൂചന ലഭിക്കുന്നത്. അല്ലാത്ത സമയത്ത് ആ സ്ത്രീ ശബ്ദം മനുഷ്യനാണോ അല്ലയോ എന്ന് തിരിച്ചറിയാനാവില്ല.

ശബ്ദം മാത്രമല്ല വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും ശേഷമുള്ള ഇടവേളയും തത്സമയ സംഭാഷണത്തിനിടെയുണ്ടാവുന്ന സ്വാഭാവിക ഇടപെടലുകളുമെല്ലാം സ്വാഭാവികമായാണ് അനുഭവപ്പെടുക. ഏതു ശബ്ദത്തിലും ബിസിനസ് കോളുകള്‍ വിളിക്കാന്‍ സഹായിക്കുന്ന എഐ ഏജന്റെന്നാണ് ബ്ലാന്‍ഡ് എഐ സ്വയം പരിചയപ്പെടുത്തുന്നത്. പേരു ചോദിച്ചാണ് എഐ ടൂള്‍ സംസാരം തുടരുന്നത്. ഏകദേശം 37 ലക്ഷം വ്യൂസ് ഈ വിഡിയോക്കു ലഭിക്കുകയും ചെയ്തു.

ഇത്തരം എഐ ടൂളുകള്‍ ഉപയോഗിക്കുന്നതിലെ നൈതികത പല സൈബര്‍ വിദഗ്ധരും ചോദ്യം ചെയ്യുന്നുണ്ട്. ‘മനുഷ്യനെ പോലെ അഭിനയിച്ച് എഐ ചാറ്റ്‌ബോട്ടുകള്‍ പെരുമാറുന്നത് ധാര്‍മികമായി ശരിയല്ല’ എന്നാണ് മോസില്ല ഫൗണ്ടേഷന്‍ പ്രൈവസി നോട്ട് ഇന്‍ക്ലൂഡഡ് റിസര്‍ച്ച് ഹബിലെ ജെന്‍ കാല്‍ട്രൈഡര്‍ പറയുന്നു.

മനുഷ്യനല്ലെന്ന് പറയാതെ എഐ വോയ്‌സ് ബോട്ട് സംസാരിക്കുന്നുവെന്നാണ് പല സന്ദര്‍ഭങ്ങളിലും ഇതിന്റെ പ്രവര്‍ത്തനം ചോദ്യം ചെയ്യുന്നത്. വയേഡ് നടത്തിയ ഒരു പരീക്ഷണത്തില്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ പോലെ പെരുമാറാന്‍ ഒരു എഐ ബോട്ടിന് നിര്‍ദേശം നല്‍കി. ഇതിനു ശേഷം മെഡിക്കല്‍ ആവശ്യത്തിനാണെന്നു പറഞ്ഞ് തുടയിലെ കാക്കപ്പുള്ളിയുടെ ചിത്രം അയച്ചു തരാന്‍ പറഞ്ഞപ്പോള്‍ അതും എഐ ബോട്ട് ചെയ്തു. ക്ലൗഡ് സ്‌റ്റോറേജില്‍ നിന്ന് നിര്‍ദേശിച്ച പ്രകാരത്തിലുള്ള ചിത്രം തെരഞ്ഞെടുത്ത് നല്‍കുകയാണ് എഐ ബോട്ട് ചെയ്ത്. ഇത്തരം പ്രവൃത്തികളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ഇത്തരത്തിലുള്ള പുതിയ എഐ പ്രവണതകളെ എഐ ഗവേഷകയായ എമിലി ദര്‍ദമാന്‍ ‘ഹ്യൂമന്‍ വാഷിങ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. സ്ഥാപനത്തിന്റെ പേരു പറയാതെ തന്നെ ഒരു ഡീപ് ഫെയ്ക്ക് വിഡിയോയെക്കുറിച്ച് എമിലി ദര്‍ദമാന്‍ പറയുന്നുണ്ട്. ‘ഞങ്ങള്‍ എഐ അല്ല’ എന്നു പറഞ്ഞുള്ള പ്രചാരണത്തിന് ഇവര്‍ സ്വന്തം സിഇഒയുടെ ഡീപ് ഫെയ്ക് വിഡിയോയാണ് ഉപയോഗിച്ചത്. ഇത്തരം തട്ടിപ്പുകള്‍ക്കുള്ള സാധ്യതകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനായിരുന്നു അത്.

കൂടുതല്‍ സ്വയം നിയന്ത്രണമുള്ള യാഥാര്‍ഥ്യത്തോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന എഐ ഔട്ട്പുട്ടുകള്‍ ആശങ്ക ഉയര്‍ത്തുന്നുവെന്നാണ് എത്തിക്കല്‍ റിസര്‍ച്ചേഴ്‌സ് പറയുന്നത്. മനുഷ്യനേയും എഐയേയും വേര്‍ത്തിരിക്കുന്ന അതിര്‍ത്തി വ്യക്തമായി രേഖപ്പെടുത്തിയില്ലെങ്കില്‍ ഇതേ തുടര്‍ന്നുള്ള ‘അരാജക ഭാവി’ നമ്മള്‍ കരുതുന്നതിലും അടുത്താണെന്നാണ് ജെന്‍ കാല്‍ട്രൈഡര്‍ ഓര്‍മിപ്പിക്കുന്നത്.

Leave a Reply