ഉപ്പുതറ∙ആശുപത്രിയിൽ കഴിയുന്ന പിതാവിന് ഉച്ചഭക്ഷണം എത്തിച്ച് മടങ്ങിയ മകന്റെ ജീവനറ്റ ശരീരം ഒരുമണിക്കൂറിനു ശേഷം എത്തിയത് അതേ പിതാവിനു മുൻപിൽ. ചപ്പാത്ത് പച്ചക്കാട് നടുപ്പറമ്പിൽ ബിജുവാണ് അപ്രതീക്ഷിതമായി മകൻ ബിബിന്റെ ചേതനയറ്റ ശരീരം കാണേണ്ടിവന്ന ഹതഭാഗ്യൻ. ശ്വാസതടസ്സം മൂലം കഴിഞ്ഞ ബുധനാഴ്ചയാണ് ബിജു ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയത്.
കിടത്തിച്ചികിത്സ നടത്തേണ്ടിവന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദു ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇന്നലെ രാവിലെ വീട്ടിലേക്കു പോയി ഉച്ചഭക്ഷണം മകൻ ബിബിന്റെ കയ്യിൽ കൊടുത്തുവിട്ടു. ഇത് ആശുപത്രിയിൽ എത്തിച്ച് പിതാവിന്റെ ആരോഗ്യനില ഡോക്ടറോട് ചോദിച്ചറിഞ്ഞാണ് സുഹൃത്തിനൊപ്പം മേരികുളത്തു പോയിവരാമെന്ന് പറഞ്ഞ് അവിടെ നിന്ന് ബിബിൻ ഇറങ്ങിയത്.
ഏകദേശം ഒരുമണിക്കൂറോളം കഴിഞ്ഞപ്പോഴാണ് മുങ്ങിമരിച്ച 2 കുട്ടികളുടെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചതായി ബിജു അറിഞ്ഞത്. അപകടത്തിൽപെട്ട കുട്ടികളെ കാണാൻ എത്തിയപ്പോഴാണ് സ്വന്തം മകന്റെയും അവന്റെ സുഹൃത്തിന്റെയും ജീവനറ്റ ശരീരങ്ങൾ കണ്ട് ഈ പിതാവ് ഞെട്ടിയത്. പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ ബിബിനും സുഹൃത്ത് നിഖിലുമാണ് മുങ്ങിമരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ തോണിത്തടി പമ്പ്ഹൗസിനു സമീപമാണ് അപകടം.അപ്രതീക്ഷിതമായി മകന്റെ മൃതദേഹം കണ്ട അദ്ദേഹത്തിന്റെ മനോനില തെറ്റി. അലറിക്കരഞ്ഞ ബിജുവിനെ സ്ഥലത്തുണ്ടായിരുന്നവർക്കു പോലും നിയന്ത്രിക്കാനായില്ല. മകന്റെ ചേതനയറ്റ ശരീരം കണ്ടതോടെ ഈ പിതാവ് രോഗം മൂർഛിച്ച് വീണ്ടും ചികിത്സയിലായി