Spread the love

തെലുങ്ക് നടന്‍ അല്ലു അര്‍ജുനെതിരെ ഗുരുതര ആരോപണങ്ങളുമായി എഐഎംഐഎം എംഎല്‍എ അക്ബറുദ്ദീന്‍ ഉവൈസി ഇന്നലെ രംഗത്തെത്തിയിരുന്നു. ഹൈദരാബാദില്‍ ‘പുഷ്പ-2’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ അല്ലു അര്‍ജുന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണ് നടന്റെ ഭാഗത്ത് നിന്നുണ്ടായതെന്നായിരുന്നു അക്ബറുദ്ദീന്‍ ഉവൈസി ആരോപിച്ചത്. യുവതിയുടെ മരണശേഷവും അല്ലു അര്‍ജുന്‍ സിനിമ കാണുന്നത് തുടരുകയും തന്റെ ആരാധകര്‍ക്കുനേരെ കൈവീശി കാണിച്ച ശേഷമാണ് അദ്ദേഹം തിയേറ്റര്‍ വിട്ടതെന്നും അക്ബറുദ്ദീന്‍ പറഞ്ഞിരുന്നു. യുവതി മരിച്ച സംഭവം അല്ലു അര്‍ജുനെ അറിയിച്ചപ്പോള്‍ ‘ഇനി ഏതായാലും സിനിമ ഹിറ്റായിക്കോളും’ എന്നായിരുന്നു നടന്റെ പ്രതികരണമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതേസമയം വിഷയത്തിൽ പ്രതികരണവുമായി അല്ലു അർജുൻ തന്നെ രംഗത്തെത്തി. തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും ഈ ആരോപണങ്ങളെല്ലാം തന്നെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നുമാണ് നടന്‍ പറഞ്ഞത്. ‘ഒരുപാട് തെറ്റായ വിവരങ്ങള്‍ എല്ലായിടത്തും എത്തുന്നുണ്ട്. ഞാന്‍ ഏതെങ്കിലും രാഷ്ട്രീയ നേതാവിനേയോ പാര്‍ട്ടിയേയോ മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ ഈ ആരോപങ്ങളെല്ലാം വ്യക്തിഹത്യയാണ്. അപമാനിക്കപ്പെടുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. ദയവായി നിങ്ങള്‍ എന്നെ വിലയിരുത്തരുത്. അന്ന് സംഭവിച്ച കാര്യത്തില്‍ ഞാന്‍ വീണ്ടും മാപ്പ് ചോദിക്കുന്നു.’-അല്ലു അര്‍ജുന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

‘തിയേറ്റര്‍ മാനേജ്‌മെന്റാണ് അനുവാദം വാങ്ങിയത്. പോലീസ് വഴിയൊരുക്കിയതോടെയാണ് ഞാന്‍ അകത്തേക്ക് പ്രവേശിച്ചത്. ഞാന്‍ നിയമം അനുസരിക്കുന്ന പൗരനാണ്. അനുമതിയില്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ തിരിച്ചുപോകുമായിരുന്നു. ഞാനൊരു റോഡ് ഷോയും നടത്തിയിട്ടില്ല. ഒരു പോലീസുകാരനും എന്നോട് അവിടെ നിന്ന് പോകാന്‍ പറഞ്ഞിട്ടില്ല. നിയന്ത്രിക്കാന്‍ കഴിയാത്തത്ര ആള്‍ക്കൂട്ടമുണ്ടെന്നും അവിടെ നിന്ന് പോകണമെന്നും എന്നോട് എന്റെ മാനേജറാണ് പറഞ്ഞത്.’-അല്ലു അര്‍ജുന്‍ വ്യക്തമാക്കുന്നു.

Leave a Reply