അഹമ്മദാബാദ്∙ ഭാര്യ അറിഞ്ഞതോടെ പ്രണയ ബന്ധം പിരിഞ്ഞതിനു പിന്നാലെ 51കാരനായ കാമുകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച നാൽപ്പതുകാരിയായ കാമുകി അറസ്റ്റിലായി. രണ്ടു കുട്ടികളുടെ അമ്മയും ജുഹാൻപുര സ്വദേശിനിയുമായ മെഹ്സാബിൻ ചുവാരയാണ് പിടിയിലായത്. അഹമ്മദാബാദ് മുൻസിപ്പൽ ട്രാൻസ്പോർട്ട് സർവീസിൽ (എഎംടിഎസ്) ജീവനക്കാരനായ രാകേഷ് ബ്രഹംഭട്ടാണ് പരാതിക്കാരൻ. എട്ടു വർഷം നീണ്ട പ്രണയ ബന്ധത്തിൽനിന്ന് രാകേഷ് പിൻമാറിയതാണ് ആസിഡ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.
ബന്ധം പിരിയുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ ശനിയാഴ്ച രാത്രി തർക്കമുണ്ടായി. ഇതിനിടെയാണ് മെഹ്സാബിൻ രാകേഷിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചത്. ബാപ്പുനഗറിലെ എവറസ്റ്റ് സൊസൈറ്റിയിൽ താമസിക്കുന്ന രാകേഷ്, 26 വർഷത്തിലധികമായി എഎംടിഎസിൽ ജീവനക്കാരനാണ്. നിലവിൽ അഹമ്മദാബാദ് റെയിൽവേ സ്റ്റേഷന്റെ എതിർവശത്തുള്ള കണ്‍ട്രോൾ കാബിനിലാണ് രാകേഷ് ജോലി ചെയ്യുന്നത്.
മുൻപ് രാകേഷ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു മെഹ്സാബിൻ. യാത്രയ്ക്കിടെയുള്ള പരിചയം വളർന്ന് പ്രണയത്തിലെത്തുകയായിരുന്നു. ഈ ബന്ധം എട്ടു വർഷത്തോളം നീണ്ടു. ഇവരുടെ രഹസ്യബന്ധത്തെക്കുറിച്ച് രാകേഷിന്റെ ഭാര്യ അറിഞ്ഞതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഇതോടെ ബന്ധത്തിൽനിന്ന് പിൻമാറാൻ രാകേഷ് തീരുമാനിച്ചു. ഇതിൽ പക വന്ന മെഹ്സാബിൻ രാകേഷിന്റെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് രാകേഷ് ജോലിസ്ഥലത്ത് ഒറ്റയ്ക്കായിരിക്കുന്ന സമയത്ത് മെഹ്സാബിൻ അവിടെയെത്തി. ബന്ധം പിരിയാനുള്ള രാകേഷിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മെഹ്സാബിൻ അവിടെവച്ച് തർക്കമായി. ഇതിനിടെ പ്ലാസ്റ്റിക് ജാറിൽ കൊണ്ടുവന്ന ആസിഡ് രാകേഷിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു. മുഖത്തും പുറത്തും സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റ രാകേഷ് ചികിത്സയിലാണ്.
കരച്ചിലും ബഹളവും കേട്ട് ഓടിയെത്തിയ ആളുകളാണ് രാകേഷിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. മെഹ്സാബിനൊപ്പം ഉണ്ടായിരുന്ന മിറ്റ് ശർമ എന്ന വ്യക്തിയാണ് ആസിഡ് കൈമാറിയതെന്ന് രാകേഷ് പരാതിയിൽ അറിയിച്ചു.
അതേസമയം, ആസിഡ് ആക്രമണ സമയത്ത് ശർമ സ്ഥലത്തുണ്ടായിരുന്നുവെന്നതിന് ഇതുവരെ തെളിവൊന്നും കിട്ടിയില്ലെന്ന് പൊലീസ് അറിയിച്ചു. മെഹ്സാബിന്റെ ഫെയ്സ്ബുക് സുഹൃത്താണ് ശർമയെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഫോൺരേഖകൾ പരിശോധിച്ച പൊലീസ് ആക്രമണ സമയത്ത് ശർമ അവിടെ ഉണ്ടായിരുന്നില്ലെന്ന നിഗമനത്തിലാണ്.