ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത് എറെ ചർച്ചയായ സിനിമയായിരുന്നു ‘ജയ് ഭീം’. ചിത്രത്തിൽ അഭിഭാഷകന്റെ വേഷത്തിലെത്തുന്ന സൂര്യയുടെ പ്രകടനവും ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രം ഒടിടി റിലീസായാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. എന്നാൽ, ഒടിടി റിലീസായതിൽ പ്രേക്ഷകർ നിരാശയും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത് തെറ്റായ തീരുമാനമായിരുന്നു എന്ന് തുറന്നുപറയുകയാണ് സൂര്യ. പുതിയ ചിത്രമായ ‘കങ്കുവ’യുടെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യം പങ്കുവച്ചത്.
ജയ് ഭീം ഒടിടിയിൽ റിലീസ് ചെയ്തത് തെറ്റായ തീരുമാനമായിരുന്നു. കാരണം, രജനികാന്തിന്റെ ‘അണ്ണാത്തെ’എന്ന സിനിമ കാണാൻ ഞാൻ തിയേറ്ററിൽ പോയിരുന്നു. ആ സമയത്ത് തിയേറ്ററിന് പുറത്ത് നിന്ന ഒരു വൃദ്ധൻ ജയ് ഭീമിന്റെ ടിക്കറ്റിനെ കുറിച്ച് അന്വേഷിക്കുന്നത് കണ്ടു. ഇത് ഒടിടി റിലീസാണ് തിയേറ്ററിൽ കാണാനാകില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ, ഒടിടി എന്താണെന്ന് അദ്ദേഹത്തിന് മനസിലായില്ല.
ഡിജിറ്റൽ റിലീസ് കാരണം, ജയ് ഭീം ടാർഗറ്റ് ചെയ്യുന്ന പ്രേക്ഷകരിലേക്ക് സിനിമ എത്തിയില്ല. സിനിമ ഒടിടിയിൽ റിലീസ് ചെയ്യേണ്ടിയിരുന്നില്ല എന്ന് തനിക്ക് അപ്പോൾ തോന്നിയെന്നും സൂര്യ പറഞ്ഞു.
ജാതി വിവേചനത്തെക്കുറിച്ച് പറയുന്ന ചിത്രത്തിൽ വനവാസി സമൂഹത്തിന്റെ അവകാശങ്ങൾക്കായി പോരാടുന്ന ഒരു അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ എത്തിയത്. ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുകയും വലിയ പ്രശംസ നേടുകയും ചെയ്തിരുന്നു.