
തിരുവനന്തപുരം∙ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മകളുടെ ഷെൽ കമ്പനിയിലേക്കു കോടിക്കണക്കിനു രൂപ പ്രവഹിച്ചതെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. അന്വേഷണം അവസാനിക്കുന്നതു വരെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്എഫ്ഒ അന്വേഷണം എട്ടുമാസമാക്കിയത് സംഘപരിവാർ – സിപിഎം ഒത്തുതീർപ്പു ചർച്ചകൾക്കു വേണ്ടിയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
‘‘മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട വിവാദം ഉണ്ടാകുന്നതിനു മുൻപുതന്നെ 2021 ഒക്ടോബര്‍ ഒന്നിന് കര്‍ണാടകത്തിലെ റജിസ്ട്രാര്‍ ഓഫ് കമ്പനീസ് എക്‌സാലോജിക്കിനോടു വിശദീകരണം ചോദിച്ചിരുന്നതായി വ്യക്തമാക്കുന്നുണ്ട്. എക്‌സാലോജിക് കമ്പനിയിലേക്കു വിവിധ ചാരിറ്റബിൾ സ്ഥാപനങ്ങളും കമ്പനികളും എല്ലാ മാസവും പണം അയയ്ക്കാറുണ്ടായിരുന്നെന്നും ആരാണ് പണം അയച്ചതെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട റജിസ്ട്രാര്‍ ഓഫ് കമ്പനീസ് എക്‌സാലോജിക്കിനു കത്ത് നല്‍കിയിട്ടുണ്ടെന്നും വിധിയിലുണ്ട്.
ഒരു സര്‍വീസും നല്‍കാതെ ഈ കമ്പനിയിലേക്ക് എങ്ങനെയാണു പണം എത്തുന്നത്. ഇതേക്കുറിച്ചു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം’’– സതീശൻ പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്തിലും ലൈഫ് മിഷനിലും കെ ഫോണിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലും ഉള്‍പ്പെടെ എല്ലായിടത്തും അഴിമതിയാണ്. കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന അഴിമതിക്കാരാണ് കേരള സര്‍ക്കാരെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.