ലൈംഗികാരോപണത്തെ തുടർന്ന് താര സംഘടനയായ അമ്മയിൽ നിന്നും രാജിവച്ച നടൻ ‘സിദ്ദിഖിന് നടിമാരുടെ യാത്രയയപ്പ്’ എന്ന രീതിയിൽ പ്രചരിപ്പിക്കുന്ന സാമൂഹ്യ മാധ്യമങ്ങളിലെ തന്റെ വീഡിയോയിൽ പ്രതികരിച്ച് നടി ബീന ആന്റണി.
സിദ്ദിഖിന്റെ മകൻ സാപ്പി മരിച്ചതിനു ശേഷം അദ്ദേഹത്തെ അമ്മ മീറ്റിങ്ങിൽ വച്ചു കണ്ടപ്പോൾ അന്ന് ആശ്വസിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിദ്ദിഖിന്റെ രാജിക്ക് ശേഷമുള്ള ദൃശ്യങ്ങൾ എന്ന രീതിയിൽ ചില പ്രചരിപ്പിക്കുന്നതും ട്രോളുകളായി ഇറക്കുന്നതെന്നും നടി ചൂണ്ടിക്കാട്ടി. പ്രസ്തുത വീഡിയോ തന്റെ ഭർത്താവിന്റെ അടക്കമുള്ള കുടുംബ ഗ്രൂപ്പുകളിലും സാമൂഹ്യ മാധ്യമങ്ങളിലുമൊക്കെ ഒക്ക വ്യാപകമായി പ്രചരിക്കുന്നതുമൂലമാണ് ഇത്തരമൊരു വിശദീകരണവുമായി താൻ രംഗത്തെത്തിയതെന്നും ഇതിന്റെ പേരിൽ തന്നെ വ്യക്തിഹത്യ ചെയ്യുന്നത് ഒഴിവാക്കണമെന്നും നടി പറഞ്ഞു.
സിദ്ദിഖിന് സഹോദരിയെ പോലെയാണ് താൻ. സിദ്ദിഖിന്റെ മരിച്ചുപോയ മകൻ സാപ്പിയെ ചെറുപ്പം മുതൽ അറിയാം. സാപ്പി മരിച്ച സമയത്ത് തന്റെ സഹപ്രവർത്തകര്‍ അടക്കം പോയപ്പോൾ തനിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല എന്നും ഇതിനുശേഷം അമ്മയുടെ മീറ്റിങ്ങിൽ വെച്ച് അദ്ദേഹത്തെ കണ്ടപ്പോൾ വൈകാരികമായി പ്രതികരിക്കുകയായിരുന്നു എന്നും നടി കൂട്ടിച്ചേർത്തു. ഈ വീഡിയോ ആണ് ഇപ്പോൾ മോശമായി പ്രചരിപ്പിക്കുന്നതെന്നും പറഞ്ഞ നടി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സിദ്ദിഖിന് തക്കതായ ശിക്ഷ ലഭിക്കണം എന്നും കൂട്ടിച്ചേർത്തു.